22 December Sunday

ഓണക്കാലം കാഴ്‌ചകൾ കാണാം നാടുചുറ്റാൻ ആനവണ്ടിയുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

 

കൽപ്പറ്റ
ഓണത്തിന് വിനോദസഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ‘വയനാട് ദർശൻ’ എന്ന പേരിൽ കൽപ്പറ്റ ഡിപ്പോയിൽനിന്നും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രനടത്തും. ലക്കിടി വ്യൂ പോയിന്റ്‌, ചങ്ങലമരം, പൂക്കോട് തടാകം, ബാണാസുര സാഗർ ഡാം, കാരാപ്പുഴ ഡാം, കർലാട് തടാകം എന്നിവിടങ്ങളിലേക്കാണ് യാത്ര.  വയനാടൻ ടൂറിസത്തെ ഉണർത്തുകയാണ് ലക്ഷ്യം. ബുക്കിങ് ലഭിക്കുന്നതിനനുസരിച്ച് സർവീസ്‌ ആരംഭിക്കും.  
ചെലവ് കുറച്ച് വയനാടിന്റെ ഭംഗി  ആസ്വദിക്കാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്.
 രാവിലെ എട്ടിന് തുടങ്ങി രാത്രി എട്ടിന് അവസാനിക്കുന്ന രീതിയിലാകും സർക്യൂട്ട് യാത്ര.  ഒക്ടോബറിൽ കൊച്ചിയിലേക്ക് ആഡംബര കപ്പൽ യാത്രയും ഒരുക്കുന്നുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ: 9349149150, 7012820682.
 
ജംഗിൾ സഫാരിയും ഓൺ
കെഎസ്ആർടിസി ബജറ്റ്‌ ടൂറിസം സെല്ലിന്റെ ജംഗിൾ സഫാരിയും ഓണത്തിന് ഓണാകും. ബസിലേറി വയനാടൻ കാടിന്റെ ഭംഗി ആസ്വദിക്കാം. വന്യമൃഗങ്ങളെ അടുത്തുകാണാം. ബത്തേരി ഡിപ്പോയിൽനിന്ന്‌ പുറപ്പെട്ട്‌ വയനാട്‌ വന്യജീവിസങ്കേതത്തിലെ വടക്കനാട്‌, കരിപ്പൂര്‌, മൂലങ്കാവ്‌, നായ്‌ക്കട്ടി, കല്ലൂർ വഴി മുത്തങ്ങയിലെത്തുന്ന ബസ്‌ തിരിച്ച്‌ ഇരുളത്തേക്കെത്തി ഡിപ്പോയിലേക്ക്‌ മടങ്ങിയെത്തും. രാത്രിയാത്രക്ക്‌ നിയന്ത്രണമില്ലാത്ത വഴികളിലൂടെയാണ്‌ ജംഗിൾ സഫാരി.  മൂന്നര മണിക്കൂറാണ് യാത്ര.  വിദേശരാജ്യങ്ങളിൽനിന്നടക്കം വയനാടിന്റെ കാനനഭംഗി ആസ്വദിക്കാൻ നിരവധിപേരാണ് ബത്തേരിയിൽ എത്തിയത്. ബുക്കിങ്ങിനനുസരിച്ച് യാത്രകൾ ക്രമീകരിക്കുമെന്ന് ബജറ്റ് ടൂറിസം ജില്ലാ കോ- ഓർഡിനേറ്റർ സി ഡി വർഗീസ് പറഞ്ഞു. ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും ഫോൺ: 9895937213, 7907305828.
 
സ്ലീപ്പർ ബസുകളും റെഡി
ബത്തേരി ഡിപ്പോയിലെ കെഎസ്ആർടിസിയുടെ തന്നെ സ്ലീപ്പർ ബസുകളിലെ ചെറിയ ചെലവിലുള്ള താമസവും  ജംഗിൾ സഫാരിയെ കൂടുതൽ വിനോദ സഞ്ചാരികളിൽ എത്തിച്ചു. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് പോക്കറ്റ് കാലിയാകാതെ സുഖമായി എസിയിൽ കിടന്നുറങ്ങാനുള്ള സംവിധാനമാണ് കെഎസ്ആർടിസി ഒരുക്കിയത്. ബജറ്റ് ടൂറിസം സെൽ ഒരുക്കിയ അഞ്ച്‌ ബസുകളാണുള്ളത്. 64 ബെഡുകളുണ്ട്‌. രണ്ട്‌ കുടുംബത്തിന് താമസിക്കാനുള്ള പ്രത്യേക സൗകര്യവുമുണ്ട്‌.    
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ബസുകളിൽ കിടന്നുറങ്ങാനുള്ള അവസരം ലഭിക്കുക. നിശ്ചിത ദിവസത്തേക്കും ബുക്ക് ചെയ്യാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top