22 November Friday

മുണ്ടക്കൈ ഉരുൾപൊട്ടൽ വിദഗ്‌ധസംഘം വീണ്ടും പരിശോധന നടത്തി അന്തിമ റിപ്പോർട്ട്‌ 18ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം വ്യാഴാഴ്‌ച ചൂരൽമലയിൽ പരിശോധന നടത്തുന്നു

 

കൽപ്പറ്റ
മുണ്ടക്കൈ ഉരുൾപൊട്ടൽ സംബന്ധിച്ച്‌ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച  ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം വീണ്ടും ദുരന്തമേഖലയിലെത്തി പരിശോധന നടത്തി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക്‌ അന്തിമ റിപ്പോർട്ട്‌ നൽകുന്നതിന്റെ ഭാഗമായി ബുധൻ, വ്യാഴം ദിവസങ്ങളിലായിരുന്നു പരിശോധന. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിൽ സംഘമെത്തി. 
 ആഗസ്‌ത്‌ 12 മുതൽ 15വരെ പ്രദേശങ്ങൾ സന്ദർശിച്ചാണ്‌ ആദ്യറിപ്പോർട്ട്‌ നൽകിയത്‌.  മഴ ശക്തമായിരുന്നതിനാൽ ഉരുളിന്റെ പ്രഭവകേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നില്ല.  ഇത്‌ പൂർത്തിയാക്കാനും ചൂരൽമല മുതൽ സൂചിപ്പാറവരെയുള്ള ഭാഗങ്ങളിൽ സുരക്ഷിതവും അല്ലാത്തതുമായ പ്രദേശങ്ങൾ  അന്തിമമായി നിർണിയിക്കുന്നതിനുംവേണ്ടിയാണ്‌  സംഘം  രണ്ടാമതും വന്നത്‌. ഇവ രണ്ടും പൂർത്തിയാക്കിയതായി നാഷണൽ സെന്റർ ഫോർ എർത്ത്‌ സയൻസ്‌ സ്‌റ്റഡീസിലെ മുൻ ശാസ്‌ത്രജ്ഞനായ ഡോ. ജോൺ മത്തായി ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. 
അതിശക്ത മഴയിൽ പാളികളായ പാറയും മണ്ണും നിരങ്ങി ഇറങ്ങിയതാണ്‌ ഉരുൾപൊട്ടലിന്റെ കാരണം. രണ്ടോ മൂന്നോ ഇടങ്ങളിൽ അണക്കെട്ട്‌ രൂപപ്പെട്ട്‌ പൊട്ടിയത്‌(ഡാമിങ് ഇഫക്ട്‌) തീവ്രത വർധിപ്പിച്ചു.18ന്‌ അന്തിമ റിപ്പോർട്ട്‌ നൽകാനാണ്‌ ശ്രമം–- അദ്ദേഹം പറഞ്ഞു. പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ  കലക്ടറെ ധരിപ്പിച്ചു. ആറംഗ സംഘം വെള്ളിയാഴ്‌ച  മടങ്ങും. 
വിദഗ്‌ധ സംഘം നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽ സംബന്ധിച്ച ഉപദേശകസമിതി ആഗസ്‌ത്‌ 23 മുതൽ 25വരെ  മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ പരിശോധന നടത്തിയിരുന്നു.  വിദഗ്‌ധസംഘത്തിന്റെ റിപ്പോർട്ടിൻമേൽ കൂടുതൽ പരിശോധനകൾക്കായാണ്‌ ഉപദേശക സമിതി എത്തിയത്‌. വിദഗ്‌ധസമിതിയുടെ റിപ്പോർട്ട്‌ സമഗ്രമാക്കുന്നതിനുവേണ്ട പഠനങ്ങളും വിവരശേഖരണവുമാണ്‌ ഇവർ നടത്തിയത്‌. 
വിദഗ്‌ധ സമിതിയുടെ  അന്തിമ റിപ്പോർട്ട്‌ ലഭ്യമായാൽ   പരിശോധിച്ച്‌ സർക്കാരിന്‌ വിശദ റിപ്പോർട്ട്‌ നൽകുമെന്ന്‌  ഉപദേശക സമിതി കൺവീനറായ  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ജി എസ്‌ പ്രദീപ്‌  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top