ചൂരൽമല
ചൂരൽമല പുഴയ്‌ക്കുകുറുകെ പുതുതായി നിർമിക്കുന്ന പാലത്തിന്റെ രൂപരേഖയാകുന്നു. ഉരുളിനെ പ്രതിരോധിക്കാനാകുന്ന പാലം നിർമിക്കാനാണ് ലക്ഷ്യം. ഉരുൾ ഒഴുകിയതിനേക്കാൾ ഉയരത്തിലായിരിക്കും നിർമാണം. പുഴയിൽ തൂണുകൾ ഒഴിവാക്കാനുള്ള ശ്രമമുണ്ടാകും. തൂണുകൾ അത്യാവശ്യമെങ്കിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കിയായിരിക്കും പാലം ഉയരുക. പാറ കണ്ടെത്തുന്ന ഇടംവരെ ആഴത്തിലായിരിക്കും ഫൗണ്ടേഷൻ.
സൈന്യം ഒരുക്കിയ ബെയ്‌ലി പാലത്തിനോടു ചേർന്നുതന്നെയാണ് അത്യാധുനിക നിലവാരത്തിലുള്ള പാലം ഒരുങ്ങുക. ആഗസ്ത് 13ന് പൊതുമരാമത്ത് ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ചൂരൽമലയിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിലുയർന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഡിസൈസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ രൂപരേഖ തയ്യാറാക്കുകയാണ്. ഉരുൾപൊട്ടലിനെയും മണ്ണിടിച്ചിലിനെയുമെല്ലാം മുൻകൂട്ടിക്കണ്ടാണ് ഡിസൈനിങ്. പ്രാഥമിക പരിശോധനയിൽ പാലം നിർമാണത്തിനായി മൂന്നിടങ്ങളാണ് കണ്ടെത്തിയിരുന്നത്. ചൂരൽമല ടൗണിനുപുറകിലെ ഹൈസ്‌കൂൾ റോഡിൽനിന്ന് ആരംഭിച്ച് മുണ്ടക്കൈ റോഡിലേക്കെത്തുന്ന രീതി, ബെയ്‌ലി പാലത്തിനുമുകളിലൂടെ ക്ഷേത്രമുണ്ടായിടത്തിനോട് ചേർന്നുപോകുന്ന രീതി, ബെയ്‌ലിപാലം കഴിഞ്ഞ് സ്‌കൂൾ കെട്ടിടത്തിനോടുചേർന്ന് ആരംഭിച്ച് മുണ്ടക്കൈ റോഡിലേക്കെത്തുന്ന രീതി എന്നിവ. നിലവിൽ മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും ബെയ്‌ലി പാലത്തിലൂടെയാണ് ഗതാഗതം. ബെയ്‌ലിദ്ദേയുടെ ഇരുവശങ്ങളിലും സുരക്ഷാകവചമായി ഗാബിയോണുകൾ സ്ഥാപിച്ച് പാലത്തിന്റെ കുരുത്ത് കൂട്ടിയിട്ടുണ്ട്. ബെയ്‌ലി പാലത്തിന്റെ മേൽനോട്ടത്തിനായി മൂന്ന് സൈനികർ ഇപ്പോഴും ചൂരൽമലയിൽ തുടരുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..