കൽപ്പറ്റ
രണ്ടാമത് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ (ഡബ്ല്യുഎൽഎഫ്) ഡിസംബർ 27, 28, 29 തീയതികളിൽ മാനന്തവാടി ദ്വാരകയിൽ നടത്തുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിയ ഡബ്ല്യുഎൽഎഫിൽ ഇന്ത്യയിലും വിദേശത്തുമുള്ള ഇരുനൂറ്റിയമ്പതോളം എഴുത്തുകാരും സാംസ്‌കാരിക, കലാരംഗങ്ങളിലുള്ളവരും പങ്കെടുക്കും. മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ അതിജീവനോത്സവമായാണ് സാഹിത്യോത്സവം നടത്തുക. വയനാട് സുരക്ഷിതമാണെന്ന സന്ദേശം നൽകും.
സംവാദം, സംഭാഷണം, പ്രഭാഷണം, കഥയരങ്ങ്, കവിയരങ്ങ് തുടങ്ങിയ പരിപാടികളിലായി അരുന്ധതി റോയ്, മുൻ സുപ്രീംകോടതി ജസ്റ്റിസ് ജെ ചെലമേശ്വർ, ഭരണഘടനാ വിദഗ്ധൻ അഡ്വ. ശ്യാം ദിവാൻ, സഞ്ജയ് കാക്, സാറാ ജോസഫ്, എൻ എസ് മാധവൻ, കെ സച്ചിദാനന്ദൻ, എം മുകുന്ദൻ, സക്കറിയ, സി വി ബാലകൃഷ്ണൻ, പ്രഭാവർമ, കൽപ്പറ്റ നാരായണൻ, സുനിൽ പി ഇളയിടം, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ, കെ ആർ മീര തുടങ്ങിയവർ പങ്കെടുക്കും. അന്താരാഷ്ട്ര അക്കാദമിക കോൺഫറൻസുമുണ്ടാകും. പരിസ്ഥിതി ജാഗ്രത, കർഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും.
ആർട്ട് ആൻഡ് ക്രാഫ്റ്റ് ഫെയർ, ഫിലിം ഫെസ്റ്റിവൽ, പുസ്തകമേള, ഭക്ഷ്യമേള, കാർഷികവിപണി, പൈതൃകനടത്തം, ആർട്ട് ബിനാലെ, വിജ്ഞാനക്കളരി, ചെസ് ടൂർണമെന്റ്, ഫാഷൻ, ഫോട്ടോഗ്രഫി, സംരംഭകത്വ പരിപാടി തുടങ്ങിയവയുമുണ്ടാകും.
ഫെസ്റ്റിവലിന്റെ സംഘാടകസമിതി രൂപീകരണയോഗം ഒമ്പതിന് വൈകിട്ട് നാലിന് ദ്വാരക കാസാ മരിയ ഓഡിറ്റോറിയത്തിൽ ചേരും. വാർത്താസമ്മേളനത്തിൽ ഡോ. ജോസഫ് കെ ജോബ്, ലീന ഗീതാ രഘുനാഥ്, വി എച്ച് നിഷാദ്, ലിൻസൺ മാത്യു എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..