07 November Thursday

ലിൻസിയുടെ ശിക്ഷണത്തിൽ വളരും കായിക കല്ലുമുക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

കല്ലുമുക്ക് ഗവ. എൽപി സ്കൂളിലെ കളിക്കളം ചലഞ്ചിന്റെ ഭാഗമായി നടന്ന ഫ്രൂട്സ് ഫെസ്റ്റ്‌

കൽപ്പറ്റ
കളിക്കാനും പഠിക്കാനും ജയിക്കാനും  കല്ലുമുക്ക് ഗവ. എൽപി സ്കൂളിലെ  വിദ്യാർഥികൾക്ക്‌ ഇഷ്‌ടമാണ്‌. എങ്ങനെ കളിക്കണമെന്നും എങ്ങനെ ജയിക്കണമെന്നും ഇവർക്കറിയില്ലായിരുന്നു. എന്നാൽ അന്താരാഷ്ട്ര  കായികതാരമായ പി കെ ലിൻസി  പരിശീലിപ്പിക്കാനെത്തുന്നതിന്റെ ആവേശത്തിലാണ്‌ ഇപ്പോൾ വിദ്യാർഥികൾ.  
ഗോത്രവിഭാഗത്തിലെ 44  വിദ്യാർഥികൾ പഠിക്കുന്ന  വിദ്യാലയത്തിൽ  നിന്ന്‌ വരും ദിവസങ്ങളിൽ മികച്ച താരങ്ങളെ വാർത്തെടുക്കാമെന്ന പ്രതീക്ഷയിലാണ്‌ ലിൻസി.  
ലിൻസിയുടെ വാഗ്‌ദാനം ലഭിച്ചതോടെ കായിക പരിശീലകർ ഇല്ലാത്ത പ്രയാസങ്ങളിൽനിന്ന്‌ മോചിതമാവുകയാണ് കല്ലുമുക്ക് ഗവ. എൽപി സ്കൂൾ. താൻ അനുഭവിച്ച പ്രയാസം വരുംതലമുറകൾക്ക് ഉണ്ടാകാതിരിക്കാനും കുട്ടികളുടെ കായികശേഷി വളർത്തിയെടുത്ത് അവരെ ഉന്നതങ്ങളിൽ എത്തിക്കാനും സന്നദ്ധ സേവനത്തിന് തയ്യാറായിരിക്കുകയാണ് ഏഷ്യാ പസഫിക് മാസ്റ്റേഴ്സ് ഗെയിംസിലെ മെഡൽ ജേതാവ്  ലിൻസി. 
കായികമേളകളിലെ മിന്നും താരങ്ങളായി കുട്ടികളെ മാറ്റുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ ആരംഭിച്ച കളിക്കളം ചലഞ്ചിന്റെ ഭാഗമായാണ്‌ പരിശീലനം ആരംഭിക്കുന്നത്‌. 27 സെന്റ്‌ ഭൂമിയിലെ വിദ്യാലയത്തിന്‌ ജനകീയ പങ്കാളിത്തത്തോടെ കളിക്കളം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ്‌ ചലഞ്ച്‌ ആരംഭിച്ചത്‌.  
പ്രധാനാധ്യാപിക സുശീലയോടാണ്‌ ലിൻസി പരിശീലകയുടെ വേഷമണിയാനുള്ള താൽപ്പര്യം അറിയിച്ചത്‌. 
വെള്ളിയാഴ്‌ച മുതൽ സ്കൂളിൽ കായികപരിശീലനം ആരംഭിക്കും.  മൈതാനവും കായിക ഉപകരണങ്ങളും തയ്യാറാക്കുന്ന തിരക്കിലാണ്‌ അധ്യാപകരും നാട്ടുകാരും.   
    കളിക്കളം ചലഞ്ചിന്റെ ഭാഗമായി ഫ്രൂട്സ് ഫെസ്റ്റ്‌ സംഘടിപ്പിച്ചു. പരിസ്ഥിതിയെ നോവിക്കാതെ നല്ല ആരോഗ്യത്തിനായി എന്റെ പിറന്നാൾ സമ്മാനം എന്ന സന്ദേശത്തോടെയാണ്‌ ഫെസ്റ്റ്‌ നടത്തിയത്‌. 
 പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി നൽകുന്ന മിഠായികളുടെ പ്ലാസ്റ്റിക് കവറുകൾ ഉണ്ടാക്കുന്ന മാലിന്യം ഒഴിവാക്കുകയും കുട്ടികളിലെ അനാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് പദ്ധതി ആരംഭിച്ചത്. ഇതിൽനിന്ന്‌ ലഭിക്കുന്ന വരുമാനവും കളിക്കള നിർമാണത്തിന്‌ ഉപയോഗിക്കും.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top