23 December Monday

തിരച്ചിൽ 
നിർത്തിയെന്നത് 
അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024
 
കൽപ്പറ്റ
ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ നിർത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ റവന്യുമന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരച്ചിൽ തുടരും. അതിനുള്ള സംവിധാനം  വയനാട്ടിലും മലപ്പുറത്തും സജ്ജമാണ്‌. ദുരന്തത്തിൽ ജീവൻ നഷ്ടമായവരെയും ദുരിതബാധിതരെയും രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. 
ആഗസ്‌ത്‌ 14ന്‌ ശേഷം തിരച്ചിൽ നടന്നില്ലെന്ന ആരോപണം കൽപ്പറ്റ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു. അത്‌ തെറ്റാണ്‌. തുടർന്നും നടത്തിയ പരിശോധനകളെക്കുറിച്ച്‌  കൃത്യമായ കണക്ക്‌ എംഎൽഎക്ക്‌ സഭയിൽ തന്നെ നൽകിയതാണ്‌. ആർക്കെങ്കിലും ഇനിയും തിരച്ചിൽ നടത്തണമെന്ന ആവശ്യമുണ്ടെങ്കിൽ നടത്തും. അതിൽ ഒരു കുറവും ഉണ്ടാവില്ല. 
കാണാതായവർക്കായുള്ള തിരച്ചിൽ ഏറ്റവും ശാസ്‌ത്രീയമായി നടന്ന സ്ഥലമാണിത്‌. ആദ്യഘട്ടത്തിൽ ആറ്‌ സ്ഥലങ്ങളിലായി 40 വീതം പേരുള്ള സ്‌ക്വാഡുകൾ  ഇറങ്ങി. അതിൽ 18  സേനാവിഭാഗങ്ങളെ ഉൾപ്പെടുത്തി. ഓരോ സ്‌ക്വാഡിനാവശ്യമായ ജെസിബി, ഹിറ്റാച്ചി, ആംബുലൻസ്‌ ഉൾപ്പെടെ നൽകി.  ആ സ്ഥലങ്ങളിലെ പരിശോധന പൂർത്തീകരിച്ചപ്പോൾ താഴ്‌വരകളിലേക്ക്‌ വ്യാപിപ്പിച്ചു. എട്ട്‌ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലുള്ള 45 കിലോമീറ്റർ ദൂരത്തിൽ വനപാലകരും പൊതുജനങ്ങളും പരിശോധന നടത്തി. ചരിത്രത്തിൽ ആദ്യമായാവും കഡാവ്‌ നായ്‌കളെ ഹെലികോപ്‌ക്ടറിൽ കൊണ്ടുപോയാണ്‌ ശരീരഭാഗങ്ങൾ കണ്ടെത്തിയത്‌. 
തിരിച്ചറിയാത്തവർക്കായുള്ള ഡിഎൻഎ പരിശോധനയും കാര്യക്ഷമതയേതാടെയാണ്‌ നടന്നത്‌. ഇതുവരെ 438 കേസുകൾ ഡിഎൻഎ പരിശോധനയ്‌ക്കായി അയച്ചു.  ഏറ്റവും അടുത്ത ബന്ധുവിനെ കണ്ടത്തനാൻ രണ്ട്‌ തവണയായി  രക്തസാമ്പിളുകൾ മാറിമാറി ശേഖരിച്ചു. പരിശോധനയിൽ 77 പേരെ  തിരിച്ചറിഞ്ഞു. ഇനിയും ചില അവസാന തീരുമാനത്തിൽ എത്താനുണ്ട്‌. ഡിഎൻഎ ക്രോസ്‌ മാച്ച് വരാത്തതും ഡീ കമ്പോസ്‌റ്റ്‌ ആയതുമായ ചില പ്രയാസം ഉണ്ട്‌. അതിലും അവസാന  റിസൽട്ടിനായി കാത്തിരിക്കയാണെന്നും മന്ത്രി അറിയിച്ചു.
 
പ്രതിഷേധം ഉയരേണ്ടത്‌ 
കേന്ദ്രത്തിനെതിരെ 
ഉരുൾപൊട്ടൽ വിഷയത്തിൽ പ്രതിഷേധം ഉയരേണ്ടത്‌ കേന്ദ്ര സർക്കാരിനെതിരെയാണെന്ന്‌ മന്ത്രി കെ രാജൻ. യഥാർഥ വസ്‌തുതകൾ മറച്ചുവയ്‌ക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ്‌ സംസ്ഥാന സർക്കാരിനെതിരെയുള്ള സമരമെന്നും അദ്ദേഹം പറഞ്ഞു.  
ദുരന്തത്തിനുശേഷം പ്രധാനമന്ത്രി  എസ്‌കെഎംജെ സ്‌കൂളിൽ ഹെലികോപ്‌റ്ററിൽ വന്നിറങ്ങി. ബെയ്‌ലിപാലത്തിൽ പോയി. ചൂരൽമലയും അട്ടമലയും സ്‌കൂളും കണ്ടു. ഒരു കുട്ടിയെ എടുത്ത്‌ ഉമ്മവച്ച്‌ ഫോട്ടോയെടുത്തു. കലക്ടറേറ്റിൽ യോഗം നടത്തി തിരിച്ചുപോയി.  ദുരന്തം നടന്ന്‌ നൂറുദിവസം കഴിഞ്ഞിട്ടും  ഒരു രൂപ തന്നിട്ടില്ല.  ഇതാണ്‌ ചർച്ചയാക്കേണ്ടത്‌. അതിനെതിരെയാണ്‌ പ്രതിഷേധം ഉണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top