21 November Thursday

ചെങ്കടലായി കൽപ്പറ്റ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

കൽപ്പറ്റ നഗരത്തിലെ എൽഡിഎഫ് റാലി

കൽപ്പറ്റ
ചുവപ്പ്‌ കടൽ കൽപ്പറ്റ നഗരത്തിലൂടെ ഒഴുകി. അരിവാളും ധാന്യക്കതിരും ആലേഖനംചെയ്‌ത കൊടികളുമായി ആയിരങ്ങൾ നീങ്ങി. വാദ്യമേളങ്ങളുടെ പെരുമ്പറ മുഴക്കത്തിനും മീതെ ആൾക്കൂട്ടത്തിന്‌ നടുവിൽ തുറന്ന വാഹനത്തിൽ വയനാട്‌ ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ മൊകേരി ആളുകളെ കൈവീശി അഭിവാദ്യംചെയ്‌തു. പാതയോരങ്ങളിൽ ആളുകൾ തിങ്ങി. 
വയനാട്‌ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റയിൽ നടത്തിയ എൽഡിഎഫ്‌ റാലി പോരാട്ടത്തിൽ ഒരടി പിന്നോട്ടുണ്ടാകില്ലെന്ന്‌ പ്രഖ്യാപിച്ചു. പതിനായിരത്തോളം പേർ അണിനിരന്ന റാലി മണ്ഡലത്തിൽ എൽഡിഎഫിന്റെ കരുത്ത്‌ വിളിച്ചോതി. പണക്കൊഴുപ്പിൽ യുഡിഎഫും എൻഡിഎയും നടത്തുന്ന പ്രചാരണങ്ങളെ വെല്ലുംവിധം  എൽഡിഎഫ്‌ പ്രവർത്തകർ അണിനിരന്നു. ആശയവ്യക്തതയും രാഷ്ട്രീയബോധ്യവുംകൊണ്ട്‌ പോരാട്ടം നയിക്കുന്ന ജനതയുടെ മുമ്പിൽ വലതുപക്ഷ  ‘ഗിമ്മിക്കുകൾ’ വിലപ്പോകില്ലെന്ന്‌ തെളിയിച്ചു. 
സ്ഥാനാർഥിയുടെ കട്ടൗട്ടുകളും കൈയിലേന്തി സ്‌ത്രീകളും യുവജനങ്ങളുമെല്ലാം ആവേശത്തോടെ അടിവച്ചു. കർഷകരും തൊഴിലാളികളും പങ്കാളികളായി. സ്ഥാനാർഥിയുടെ ചിത്രം ആലേഖനം ചെയ്‌ത ബനിയൻ അണിഞ്ഞും  വർണബലൂണുകൾ പറത്തിയും റാലി ആവേശമാക്കി. സ്ഥാനാർഥിക്കൊപ്പം തുറന്ന വാഹനത്തിൽ എൽഡിഎഫ്‌ നേതാക്കളായ സി കെ ശശീന്ദ്രനും പി കെ മൂർത്തിയും പ്രവർത്തകരെ അഭിവാദ്യംചെയ്‌തു. കൽപ്പറ്റ പുതിയ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്തുനിന്ന്‌ രാവിലെ 10.45ന്‌ തുടങ്ങിയ പ്രകടനം 11.45 ഓടെയാണ്‌ സമ്മേളന വേദിയായ മഹാറാണി സിൽക്‌സിന്റെ പരിസരത്തേക്ക്‌ എത്തിയത്‌. മുൻനിര വേദിക്കരികിൽ എത്തുമ്പോൾ പിൻനിര ചുങ്കം ജങ്‌ഷനിലായിരുന്നു. 
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. ആർജെഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ്‌കുമാർ അധ്യക്ഷനായി. മന്ത്രി കെ രാജൻ, സ്ഥാനാർഥി സത്യൻ മൊകേരി എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ സ്വാഗതവും സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു നന്ദിയും പറഞ്ഞു. മന്ത്രിമാരായ ഒ ആർ കേളു,  രാമചന്ദ്രൻ കടന്നപ്പള്ളി, പി പ്രസാദ്‌, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപി, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ, വാഴൂർ സോമൻ എംഎൽഎ, സി കെ ആശ എംഎൽഎ, കെ ജെ ദേവസ്യ, പി ജയരാജൻ, കെ പ്രകാശ്‌ ബാബു, സി എൻ ശിവരാമൻ, എ പി അഹമ്മദ്‌, കെ പി ശശികുമാർ,  പി വസന്തം, ഷാജി ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top