കൽപ്പറ്റ
മുണ്ടക്കൈ–-ചൂരൽമലയിൽ താമസിച്ചിരുന്നവർ യാത്രയിലാണ്. സംഭവിച്ചതെല്ലാം മറക്കാൻ വീണ്ടും ഒന്നിച്ചൊരു യാത്ര.
പലയിടങ്ങളിൽ താമസിക്കുന്നവർ ഒരുമിച്ചൊരു യാത്രക്കായി ചേർന്നു. അയൽവാസികൾ അടുത്തടുത്തിരുന്ന് വിശേഷങ്ങൾ പറഞ്ഞാണ് യാത്ര.
രണ്ട് ബസുകളിലായി വനിതകളും കുട്ടികളുമടക്കം ചൂരൽമലയിലെ 70 പേരാണ് മൈസൂരുവിലേക്ക് വിനോദയാത്ര പോയത്. മൈസൂരുവിലിറങ്ങി നഗരവും കൊട്ടാരവും നടന്നുകണ്ടു. വൃന്ദാവൻ പൂന്തോട്ടവും സന്ദർശിച്ചു. ശനിയാഴ്ച കുട്ടികൾക്ക് ഏറെ ഇഷ്ടമായ മൃഗശാലയിലേക്കാണ് ആദ്യം പോവുക. കൂടുതൽ സ്ഥലങ്ങളും സന്ദർശിക്കും. ഞായറാഴ്ചയാണ് തിരിച്ചെത്തുക.
കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട സംസ്ഥാന സർക്കാർ ജോലി നൽകിയ ശ്രുതിയും യാത്രയുടെ ഭാഗമാണ്. യാത്ര കൂട്ടായ്മയായ 'സഞ്ചാരി'യുടെ ചെന്നൈ ബംഗളൂരു യൂണിറ്റിന്റെ സഹകരണത്തോടെ ഓൾ കേരള ടൂറിസം അസോസിയേഷനാണ് ദുരന്തബാധിതർക്കായി വിനോദയാത്ര സംഘടിപ്പിച്ചത്.
ടൂര്‍ ഓപ്പറേറ്ററും ഓള്‍ കേരള ടൂറിസം അസോസിയേഷന്‍ എക്സിക്യുട്ടീവും ചൂരൽമല സ്വദേശിയുമായ രമേഷ് വയനാടിന്റെയും ആക്ടയുടെ ജില്ലയിലെ വനിതാ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് യാത്ര. കൽപ്പറ്റയിൽ ആക്‌ട സംസ്ഥാന സെക്രട്ടറി അലി ബ്രാൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സെക്രട്ടറി അനീഷ് വരദൂർ, ജില്ലാ പ്രസിഡന്റ് രമിത് രവി, ട്രഷറർ മനു മത്തായി, രമേഷ് മേപ്പാടി, ആകർഷ, ശോഭ ജോയ്, വിനോദ്, ലിമേഷ് മാരാർ, ദിലീപ്, ജോഫിൻ, ജിനേഷ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..