കൽപ്പറ്റ
മുണ്ടക്കൈ–-ചൂരൽമല ദുരന്തത്തെ എൽ 3 ഗണത്തിൽ ഉൾപ്പെടുത്തി ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അവകാശപ്പെട്ട കേന്ദ്ര സഹായം ഉടൻ നൽകണമെന്നും രാഷ്ട്രീയ താൽപ്പര്യത്തോടെയുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും സിപിഐ എം കൽപ്പറ്റ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദുരന്തത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ സമാനതകളില്ലാത്ത ദുരന്തനിവാരണ പ്രവർത്തനമാണ് നടത്തുന്നത്. ക്യാമ്പിൽ കഴിഞ്ഞവർക്ക് 1000 രൂപ വീതവും കൂലി ഇനത്തിൽ ദിവസവും 300 രൂപ വീതവും. പരിക്കേറ്റവർക്ക് 75,000 രൂപ വരെയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപയും താൽക്കാലിക താമസത്തിന് പ്രതിമാസം 6000 രൂപയും സംസ്ഥാന സർക്കാർ പ്രാഥമികമായി നൽകി. പുനരധിവാസത്തിനായി സ്ഥലമേറ്റെടുക്കുന്ന നടപടി നടന്നുവരികയാണ്. എന്നാൽ വ്യോമസേനയുടെ ചെലവിനത്തിൽ ദുരന്ത നിവാരണ നിധിയിൽനിന്ന് 153.5 കോടി രൂപ പിടിച്ചെടുക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയത്.
മൂപ്പൈനാട്, വെള്ളരിമല, കോട്ടപ്പടി, മുട്ടിൽ നോർത്ത്, സൗത്ത്, കൽപ്പറ്റ വില്ലേജുകളിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, ആനപ്പാറ, പൂത്തകൊല്ലി, ഭജന മഠം തുടങ്ങിയ സമരകേന്ദ്രങ്ങളിലെ ആദിവാസികൾക്ക് കൈവശ രേഖ നൽകുക, മീൻമുട്ടി, സൺറൈസ് വാലി, നീലിമല തുടങ്ങിയ വിനോദകേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു.
വെള്ളി രാവിലെ പുനരാരംഭിച്ച സമ്മേളനത്തിൽ പൊതു ചർച്ചയ്ക്ക് ഏരിയാ സെക്രട്ടറി വി ഹാരിസ് മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സി കെ ശശീന്ദ്രൻ, വി വി ബേബി, എ എൻ പ്രഭാകരൻ, കെ റഫീഖ്, വി ഉഷാകുമാരി എന്നിവർ സംസാരിച്ചു. പി എം സന്തോഷ് കുമാർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈകിട്ട് പ്രകടനത്തോടെയും പൊതു സമ്മേളനത്തോടെയുമാണ് സമ്മേളനം സമാപിച്ചത്. ചുവപ്പ് വളന്റിയർമാർ അണിനിരന്നു. മുണ്ടേരി പാർക്കിലെ പി എ മുഹമ്മദ് നഗറിൽ നടന്ന പൊതുസമ്മേളനം മുൻമന്ത്രി ടി കെ ഹംസ ഉദ്ഘാടനംചെയ്തു. വി ഹാരിസ് അധ്യക്ഷനായി. പി ഗഗാറിൻ, സി കെ ശശീന്ദ്രൻ, നാസർ കൊളായി, വി പി ശങ്കരൻ നമ്പ്യാർ, കെ റഫീഖ് എന്നിവർ സംസാരിച്ചു. സി കെ ശിവരാമൻ സ്വാഗതവും പി കെ അബു നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തോടനുബന്ധിച്ച് കലാപരിപാടികളും നടന്നു
വി ഹാരിസ് ഏരിയാ സെക്രട്ടറി
സിപിഐ എം കൽപ്പറ്റ ഏരിയാ സെക്രട്ടറിയായി വി ഹാരിസിനെ മുണ്ടേരിയിൽ സമാപിച്ച സമ്മേളനം തെരഞ്ഞെടുത്തു.
പി ആർ നിർമല, പി സി ഹരിദാസൻ, പി എം സന്തോഷ്‌കുമാർ, കെ എം ഫ്രാൻസിസ്, യു കരുണൻ, കെ അബ്‌ദുറഹ്മാൻ, കെ വിനോദ്, കെ കെ സഹദ്, സി ഷംസുദ്ദീൻ, ടി ജി ബീന, സി കെ ശിവരാമൻ, വി ബാവ, പി വിശ്വനാഥൻ, വി വേണുഗോപാൽ, പി കെ അബു, വി കേശവൻ എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..