03 November Sunday

താൽക്കാലിക ശുചിമുറി അടഞ്ഞുതന്നെ മൂത്രശങ്ക തീര്‍ക്കാന്‍ പെരുവഴിയാശ്രയം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

മാനന്തവാടി ​ഗാന്ധിപാര്‍ക്കിലെ താൽക്കാലിക ശുചിമുറി കാടുകയറിയ നിലയില്‍

 

മാനന്തവാടി
 താൽക്കാലിക ശുചിമുറി മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ നഗരത്തിലെത്തുന്നവർ പെരുവഴിയെ ആശ്രയിക്കേണ്ട ഗതികേട്. മാനന്തവാടി –- തലശേരി റോഡിൽ ഗാന്ധിപാർക്കിലെ ശുചിമുറിയാണ്‌  നോക്കുകുത്തിയായി നിൽക്കുന്നത്. നിലവിൽ ഈ പ്രദേശമാകെ കാടുകയറിയ അവസ്ഥയിലാണ്. രാത്രിയായാൽ മദ്യപരുടെ  കേന്ദ്രമായി മാറുകയാണ് ഇവിടെ. നേരത്തെ ടൗൺ മധ്യത്തിൽ ഗാന്ധിപാർക്കിനോട് ചേർന്നുണ്ടായിരുന്ന ശൗചാലയം റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയതോടെയാണ് നഗരത്തിലെത്തുന്ന പൊതുജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാതെ വന്നത്. തുടർന്ന് പ്രതിഷേധം കനത്തതോടെ നഗരസഭ നേതൃത്വത്തിൽ താൽക്കാലികമായി രണ്ട് ഇ ടോയ്‌ലറ്റ് സ്ഥാപിക്കുകയായിരുന്നു. ഈ ശുചിമുറികളും രണ്ടുമാസം കഴിഞ്ഞതോടെ തകർന്നു. ശുചിമുറിയിലേക്കെത്തുന്ന പൈപ്പുകൾ തകർന്നും, ടോയ്‌ലറ്റിന്റെ വാതിലുകൾ ഉൾപ്പെടെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയാണ്. പ്രദേശത്ത് ഏത് സമയത്തും ദുർഗന്ധമാണ്.  രാത്രിയിൽ ഗാന്ധിപാർക്കിലെത്തുന്ന യാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെ മൂത്രശങ്ക തീർക്കാൻ നട്ടംതിരിയുകയാണ്.  
നിലവിൽ ഒരു ശുചിമുറി ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് മാത്രമാണുള്ളത്. ഇതാകട്ടെ പലപ്പോഴും വെള്ളമില്ലാത്തതും വൃത്തിഹീനവുമാണ്. പകരം സംവിധാനമൊരുക്കാൻ ഇതുവരെയും നഗരസഭക്ക് സാധിച്ചിട്ടില്ല. ഇത്രയും അടിയന്തര പ്രാധാന്യമുള്ള വിഷയമായിട്ടും നഗരസഭാ അധികൃതരുടെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top