17 September Tuesday

വയോധികയുടെ മൃതദേഹം കിണറ്റില്‍: പ്രതി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

പ്രതി ഹക്കീം

മാനന്തവാടി
കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റിൽനിന്ന്‌ കണ്ടെത്തിയ സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. തൊണ്ടർനാട് തേറ്റമല പരേതനായ വിലങ്ങിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി എന്ന 72 വയസ്സുകാരിയുടെ മരണമാണ് നാല് പവൻ സ്വർണാഭരണത്തിന് വേണ്ടിയുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞാമിയുടെ അയൽവാസിയായ ചോലയിൽ വീട്ടിൽ ഹക്കീമി(42)നെയാണ് തൊണ്ടർനാട് പൊലീസ് പിടികൂടിയത്. വയോധികയ്ക്കായുള്ള തിരച്ചിലിനും മാധ്യമങ്ങളെ വിവരമറിയിക്കുന്നതിലും സംഭവത്തിനുശേഷം ഇയാൾ മുൻപന്തിയിലുണ്ടായിരുന്നു. വീട്ടിൽ തനിച്ചായ കുഞ്ഞാമിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കി അവ വെള്ളമുണ്ട ഇസാഫ് ബാങ്കിൽ പണയംവയ്ക്കുകയായിരുന്നു. പണയപ്പെടുത്തിയ ആഭരണങ്ങൾ പൊലീസ് ബാങ്കിൽനിന്ന്‌ കണ്ടെടുത്തിട്ടുണ്ട്. ഇയാൾ ഗൾഫിൽനിന്ന്‌ വന്നശേഷം കുറച്ചുകാലം വെള്ളമുണ്ടയിൽ തുണിക്കട നടത്തിയിരുന്നു. നിലവിൽ ഫുഡ്‌സപ്ലൈ വണ്ടിയിൽ ജോലിചെയ്തുവരികയാണ്. ഇളയമകൾ സാജിതയോടൊപ്പം താമസിച്ചുവരുന്ന കുഞ്ഞാമിയെ ബുധനാഴ്ച വൈകുന്നേരമാണ് വീട്ടിൽനിന്ന്‌ കാണാതാവുന്നത്. സാജിതക്ക് അസുഖംബാധിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയപ്പോൾ ഇവർ വീട്ടിൽ തനിച്ചാണുണ്ടായിരുന്നത്. വൈകുന്നേരം മകളുടെ മകൻ സ്‌കൂൾവിട്ട്‌ വന്നപ്പോഴാണ് കുഞ്ഞാമിയെ കാണാത്ത വിവരം ഉമ്മയെയും മറ്റും അറിയിക്കുന്നത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും പ്രദേശത്ത് മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെയോടെയാണ് മുക്കാൽ കിലോമീറ്റർ ദൂരത്തുള്ള കാട് മൂടിയതും ഉപയോഗശൂന്യമായതുമായ പഞ്ചായത്ത് വക കിണറിൽ നിന്ന്‌ ഇവരുടെ മൃതദേഹം ലഭിച്ചത്. ഇവരുടെ കഴുത്തിലും കാതിലുമായുണ്ടായിരുന്ന നാല് പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. സ്ഥിരമായി ധരിക്കാറുള്ള തട്ടവും ലഭിച്ചിരുന്നില്ല. ഇത്രയും ദൂരം ഇവർക്ക് നടന്നുവരാനാവില്ലെന്നും ബന്ധുക്കൾ പൊലീസിലറിയിച്ചിരുന്നു.തുടർന്ന് തൊണ്ടർനാട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുഞ്ഞാമിയെ സ്വർണാഭരണത്തിനുവേണ്ടി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top