15 November Friday

കുറുവ ദ്വീപ്‌ പ്രവേശനം പാൽവെളിച്ചം ഭാഗത്തും വേണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

കുറുവ ദ്വീപ്‌

 

മാനന്തവാടി
കുറുവ ദ്വീപിലേക്ക്‌ പാൽവെളിച്ചം വഴിയും സന്ദർശകരെ അനുവദിക്കണമെന്ന്‌ ആവശ്യം. എട്ടുമാസത്തോളമായി അടച്ചിട്ടിരുന്ന ഇക്കോ ടൂറിസം കേന്ദ്രം നിയന്ത്രണത്തോടെ തുറക്കാൻ ഹൈക്കോടതി അനുമതി നൽകിയപ്പോൾ പ്രവേശനം പുൽപ്പള്ളി പാക്കം ചെറിയമലയിൽനിന്ന്‌ മാത്രമായി ചുരുങ്ങിയത്‌ പാൽവെളിച്ചം ഭാഗത്തെ ടൂറിസം മേഖലക്ക്‌ കനത്ത തിരിച്ചടിയായി. നേരത്തെ രണ്ടുഭാഗത്തുകൂടിയും സഞ്ചാരികൾക്ക്‌ പോകാമായിരുന്നു. 
 കൂടുതൽപേർ ദ്വീപിലേക്ക്‌ എത്തിയിരുന്നത്‌ പാൽവെളിച്ചം വഴിയായിരുന്നു.  ഡിടിപിസി (ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ) നടത്തുന്ന ചങ്ങാട സർവീസിന്റെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ്‌ ഈ ഭാഗത്തെ പ്രവേശനത്തിൽ തടസ്സം വന്നത്‌. കുറുവ ദ്വീപിലേക്കുള്ള പ്രവേശനം പൂർണമായി വനംവകുപ്പ്‌  ഏറ്റെടുക്കണമെന്നാണ്‌ കോടതി നിർദേശം. ഡിടിപിസിയെ ഒഴിവാക്കി പാൽവെളിച്ചം ഭാഗത്തും വനം വകുപ്പിന്‌ നേരിട്ട്‌ പ്രവേശനം നൽകുന്നതിന്‌ കോടതി ഉത്തരവ്‌ തടസ്സമല്ലെന്നാണ്‌ നോർത്ത്‌ വയനാട്‌ വനം ഡിവിഷനിലെ ഉദ്യോഗസ്ഥർതന്നെ ചൂണ്ടിക്കാണിക്കുന്നത്‌. വകുപ്പിന്റെ നയപരമായ തീരുമാനമാണ്‌ വേണ്ടത്‌. കോടതി അനുമതി വേണമെങ്കിൽ 11ന്‌ ഹൈക്കോടതി കേസ്‌ പരിഗണിക്കുമ്പോൾ ഈ ആവശ്യം ഉന്നയിച്ച്‌ അനുകൂല ഉത്തരവ്‌ നേടാവുന്നതേയുള്ളൂ. കുറുവാ ദ്വീപിലേക്ക് വനംവകുപ്പിന്‌ തന്നെ  രണ്ടുവശത്തുനിന്നും പ്രവേശനം നൽകാനാകുമെന്ന്‌ കോടതിയെ ധരിപ്പിക്കണമെന്നാണ്‌ പാൽവെളിച്ചംകാരുടെ ആവശ്യം.  
നേരത്തെ ഇവിടെ ഡിടിപിസിയുടെ കൗണ്ടർവഴി പ്രവേശനം അനുവദിക്കുമ്പോഴും ടിക്കറ്റ് തുകയുടെ സിംഹഭാഗവും വനംവകുപ്പാണ്‌ കൈപ്പറ്റിയിരുന്നത്. ആളൊന്നിന്‌ 110 രൂപ ഈടാക്കുമ്പോൾ 75 രൂപ വനംവകുപ്പിനായിരുന്നു. ചങ്ങാടത്തിൽ പുഴ കടത്തുന്നതിനുള്ള തുകയായി 35 രൂപ ഡിടിപിസിയും എടുക്കുന്നതായിരുന്നു രീതി. 
പാക്കംവഴി കുറുവയിലേക്ക്‌ എത്തണമെങ്കിൽ വനപാതയിലൂടെ സഞ്ചരിക്കണം. നവംബർ ഒന്നുമുതൽ ഇതുവഴി പ്രവേശനം നൽകാനാണ്‌ സൗത്ത്‌ വയനാട്‌ ഡിവിഷന്റെ തീരുമാനം. ഇതിനുള്ള ഒരുക്കമാണ്‌ നടത്തുന്നത്‌.
 
ഉപജീവനം പ്രതിസന്ധിയിൽ
പാൽവെളിച്ചംഭാഗം പൂർണമായും അടയുമ്പോൾ ദ്വീപിനെ ആശ്രയിച്ച്‌ ഉപജീവനമാർഗം കണ്ടെത്തിയിരുന്നവരാണ്‌ പ്രതിസന്ധിയിലാകുന്നത്‌. കുറുവ തുറക്കുന്നതും കാത്തിരിക്കുകയായിരുന്നു ഇവർ. വായ്പയെടുത്തും മറ്റും തുടങ്ങിയ ഹോട്ടൽ ഉൾപ്പെടെയുള്ള സംരംഭങ്ങൾ അടച്ചിട്ടിരിക്കുകയാണ്‌.  സഞ്ചാരികൾക്ക് നിയന്ത്രണമില്ലാതിരുന്ന കാലത്ത് മൂവായിരത്തിലധികം ആളുകൾ പാൽവെളിച്ചം കവാടത്തിലൂടെ മാത്രം ദ്വീപിലേക്കെത്താറുണ്ടായിരുന്നു. പിന്നീട് പ്രവേശനം പ്രതിദിനം 1150 ആയി പരിമിതപ്പെടുത്തി. പാക്കം ഭാഗത്തുനിന്നും പാൽവെളിച്ചം ഭാഗത്തുനിന്നും 575 പേർക്കുവീതമാണ് പ്രതിദിനം പ്രവേശനം നൽകിയിരുന്നത്. 
 
എണ്ണം വർധിപ്പിക്കുമെന്ന്‌ പ്രതീക്ഷ
 
പ്രതിദിനം 400 പേർക്ക്‌ പ്രവേശനം നൽകാനാണ്‌ നിലവിൽ കോടതി അനുമതി. 800 പേരെ അനുവദിക്കണമെന്നതായിരുന്നു വനം വകുപ്പിന്റെ ആവശ്യം. പാൽവെളിച്ചം ഭാഗംവഴിയും പ്രവേശനം വേണമെന്ന ആവശ്യം കോടതിയെ ബോധിപ്പിച്ചാൽ  സഞ്ചാരികളുടെ എണ്ണത്തിലും വർധന അനുവദിക്കുമെന്ന പ്രതീക്ഷയും ഈ ഭാഗത്തുള്ളവർ പങ്കിടുന്നുണ്ട്‌. 
 
ഇന്ന്‌ ആക്‌ഷൻ കമ്മിറ്റി രൂപീകരിക്കും
 
കുറുവാ ദ്വീപിലേക്ക്‌ പാൽവെളിച്ചംവഴിയും പ്രവേശനം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബുധനാഴ്‌ച പ്രദേശത്ത്‌ ആക്‌ഷൻ കമ്മിറ്റി രൂപീകരിക്കും. രാവിലെ 10ന്‌ യോഗം ചേരും. ആവശ്യമെങ്കിൽ പ്രക്ഷോഭമുൾപ്പെടെ നടത്താനുള്ള തീരുമാനങ്ങളുണ്ടാകും. 
 
 
തീരുമാനം നടപ്പാക്കാതെ നഗരസഭ
 
അടച്ചിട്ടിരുന്ന കുറുവ ദ്വീപ്‌ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയിലുണ്ടായിരുന്ന കേസിൽ കക്ഷിചേരാൻ കഴിഞ്ഞ ഫെബ്രുവരിയിൽ മാനന്തവാടി നഗരസഭ കൗൺസിൽ യോഗം ചേർന്ന്‌ എടുത്ത തീരുമാനം നടപ്പാക്കിയില്ല. കേസിൽ കക്ഷിചേരുകയോ അഭിഭാഷകനെ ചുമതലപ്പെടുത്തുകയോ ചെയ്തില്ല. കേസിൽ നഗരസഭ കക്ഷിയായിരുന്നെങ്കിൽ പാൽവെളിച്ചം ഭാഗത്തെ പ്രവേശനത്തിനായി കോടതിയിൽ വാദിക്കാമായിരുന്നു. ഇപ്പോൾ പ്രവേശനം തടസ്സപ്പെട്ടപ്പോൾ പ്രതിഷേധം ഭയന്ന്‌ കഴിഞ്ഞ ദിവസം അടിയന്തര കൗൺസിൽ വിളിച്ച്‌ നാടകം കളിച്ചു. കൗൺസിൽ തീരുമാനം നടപ്പാക്കാതെ എട്ടുമാസത്തോളം അനങ്ങാതിരുന്നത്‌ എൽഡിഎഫ്‌ കൗൺസിലർമാർ ചൂണ്ടിക്കാണിച്ചതോടെ യോഗം അവസാനിപ്പിച്ച്‌ യുഡിഎഫ്‌ ഭരണസമിതി ഓടിയൊളിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top