കൽപ്പറ്റ
ഉരുൾദുരന്തത്തിനിപ്പുറം പ്രതിസന്ധിയിലേക്ക് വീണ ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അതിജീവനച്ചിറകിൽ കുതിക്കുന്നു. ആളനക്കമില്ലാതെ പതറിപ്പോയ കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികൾ നിറഞ്ഞു. പൂജ അവധി മുന്നിൽക്കണ്ട് കാരാപ്പുഴ അണക്കെട്ടിലും ലക്കിടി എൻ ഊര് ഗോത്ര പൈതൃകഗ്രാമത്തിലും ആരംഭിച്ച ‘വയനാട് ഉത്സവ്’ സഞ്ചാരികളെ എത്തിക്കുന്നതിൽ നിർണായകമാകുകയാണ്. പകൽ മാത്രം തുറന്നിരുന്ന കാരാപ്പുഴയും എൻ ഊരും സായാഹ്നത്തിലും സഞ്ചാരികൾക്കായി തുറന്നിട്ടിരിക്കുന്നു. സർഗപ്രദർശനങ്ങളെ ദീപാലങ്കാരത്തിൽ പൊതിഞ്ഞാണ് ആഘോഷസായാഹ്നങ്ങൾ മുന്നേറുന്നത്. സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം വകുപ്പ് നേതൃത്വത്തിൽ രണ്ടുമുതൽ ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായി വിദേശികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായി ദിവസവും പതിനായിരങ്ങളാണ് ജില്ലയിലെത്തുന്നത്. സാംസ്‌കാരിക പരിപാടികൾ, നാടൻ കലാമേള, ഗോത്ര ഫെസ്‌റ്റ്, ഫുഡ് ഫെസ്‌റ്റ്, ട്രേഡ് ഫെസ്‌റ്റ്, കരകൗശല പ്രദർശനം തുടങ്ങിയവയെല്ലാം ഒരുക്കിയാണ് സഞ്ചാരികളെ വരവേൽക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് നേതൃത്വം നൽകുന്നത്.
ഇന്നത്തെ പരിപാടി
എൻ ഊര് : നൂൽപ്പുഴ എംആർഎസ് വിദ്യാർഥികളുടെ കലാപരി പാടികൾ രാവിലെ 10 മുതൽ 1 വരെ.
വയൽനാടൻ പാട്ടുകൂട്ടം നാടൻ കലാവതരണം വൈകിട്ട് 4 മുതൽ 6.30 വരെ
കാരാപ്പുഴ: ഉണർവ് നാടൻപാട്ട് സംഘത്തിന്റെ പ്രകടനം വൈകിട്ട് 5.30 മുതൽ -8 വരെ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..