24 December Tuesday

മേപ്പാടി പഞ്ചായത്തിലേക്ക്‌ 
സിപിഐ എം മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച്

 മേപ്പാടി

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ നൽകാനുള്ള മികച്ചയിനം ഭക്ഷ്യസാധനങ്ങൾ പൂഴ്‌ത്തിവച്ച്‌, പുഴുവരിച്ചവ വിതരണംചെയ്‌തതിനെതിരെ സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. നൂറുകണക്കിന് പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു. യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിടുക, കൂട്ടുനിന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്‌.
സിപിഐ എം കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ് ഉദ്ഘാടനംചെയ്തു. കെ വിനോദ് അധ്യക്ഷനായി. വി പി ശങ്കരൻ നമ്പ്യാർ, സി ഷംസുദ്ദീൻ, കെ അബ്ദുറഹിമാൻ, സി എച്ച് റഹിയാനത്ത്, ജോളി സ്കറിയ, പി വി മാത്യു എന്നിവർ സംസാരിച്ചു. ചൂരൽമല ലോക്കൽ സെക്രട്ടറി എം ബൈജു സ്വാഗതം പറഞ്ഞു. 
ബുധനാഴ്ചയാണ് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളുമുൾപ്പെടെയുള്ളവ പഞ്ചായത്ത് അധികൃതർ ദുരന്തബാധിതർക്ക് നൽകിയത്‌. വീടുകളിൽ എത്തി തുറന്നുനോക്കിയപ്പോഴാണ് പഴകിയതാണെന്ന്‌ മനസ്സിലായത്‌. പുതിയ സാധനങ്ങൾ സർക്കാർ നൽകിയിരുന്നെങ്കിലും അവ വിതരണംചെയ്‌തിട്ടില്ല. പഴകിയ സാധനങ്ങൾ വിതരണംചെയ്‌തതായി അറിഞ്ഞ്‌, കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവർത്തകർ വിതരണകേന്ദ്രം ഉപരോധിച്ചിരുന്നു.
 അതോടെ വിതരണംചെയ്യാതെ ഗോഡൗണിൽ കൂട്ടിയിട്ട അരി വ്യാഴം മുതൽ കുടുംബങ്ങൾക്ക് നൽകിത്തുടങ്ങിയിരുന്നു. സിപിഐ എം നേതൃത്വത്തിൽ വെള്ളിയാഴ്‌ച ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധപ്രകടനം നടത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top