19 December Thursday

അനാസ്ഥയുടെ 
മേപ്പാടി കാഴ്‌ചകൾ

കെ എ അനിൽകുമാർUpdated: Saturday Nov 9, 2024

മേപ്പാടി പഞ്ചായത്ത്‌ ദുരിതബാധിതർക്ക്‌ പഴകിയ ഭക്ഷ്യധാന്യങ്ങൾ വിതരണംചെയ്തതിൽ പ്രതിഷേധിച്ച്‌ സിപിഐ എം കൽപ്പറ്റ നോർത്ത് ലോക്കൽ കമ്മിറ്റി മുണ്ടേരിയിൽ നടത്തിയ പ്രതിഷേധ ജ്വാല

 
കൽപ്പറ്റ
ദുരന്തമുഖത്ത് മേപ്പാടി പഞ്ചായത്ത് ഭരണസമിതി കാണിച്ച അനാസ്ഥ നൂറുദിവസം പിന്നിട്ടിട്ടും തുടരുന്നു. നൂറുകണക്കിന് മനുഷ്യജീവനുകളെ മരണത്തിലേക്ക് തള്ളിവിട്ട കെടുകാര്യസ്ഥത ജീവിച്ചിരിക്കുന്നവർക്കും തീരാദുരിതമായി മാറുന്നു. കന്നുകാലികൾക്ക്  പോലുംകൊടുക്കാനാവാത്ത ഭക്ഷ്യവസ്തുക്കൾ ഒരു പരിശോധനയുമില്ലാതെ വിതരണംചെയ്തത് ഒടുവിലത്തെ ഉദാഹരണം. എന്തിന് ഇങ്ങനെയൊരു ഭരണസമിതിയെന്ന ചോദ്യമാണ് ദുരിതബാധിതർ ഉന്നയിക്കുന്നത്.
പഞ്ചായത്ത് ഭരണസമിതി കാണിച്ച നിസംഗത ദുരന്തനാളുകളിലടക്കം ചർച്ചയായതാണ്.  കാലാവസ്ഥ സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ വിഭാഗം ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പഞ്ചായത്ത് ശ്രദ്ധിച്ചില്ല. റെഡ് അലർട്ടുള്ള ഒദ്യോഗിക ഉത്തരവിനായി കാത്തിരുന്നു അവർ. 2019ൽ പുത്തുമല ഉരുൾപൊട്ടൽ സമയത്ത് അന്നത്തെ ഭരണസമിതി കാണിച്ച ജാഗ്രത ഏറെ  പ്രശംസിക്കപ്പെട്ടിരുന്നു. മഴ കനക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റടക്കം അപകട മേഖലയിലെത്തി മുന്നൂറോളംപേരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി. വിസമ്മതിച്ച ചിലരെ പൊലീസിനെ ഉപയോഗിച്ചായിരുന്നു മാറ്റിയത്. ഈ നടപടിയാണ് മരണസംഖ്യ കുറയ്‌ക്കാൻ സഹായിച്ചത്.
മുണ്ടക്കെെയിൽ മറിച്ചായിരുന്നു. ഉരുൾപൊട്ടലിന്റെ തലേദിവസം കനത്ത മഴ പെയ്തിട്ടും ജനങ്ങളെ മാറ്റാൻ അവിടത്തെ വാർഡ് മെമ്പർ കൂടിയായ പ്രസിഡന്റുൾപ്പെടെ  ശ്രമിച്ചില്ല. യുഡിഎഫിന്റെ മറ്റൊരു അംഗം സ്വന്തം റിസോർട്ടിലായിരുന്നു. മഴ ശക്തമായതിനെ തുടർന്ന് നിരവധി പേർ മാറിത്താമസിച്ചിരുന്നു. അവരെ സഹായിക്കാനും പഞ്ചായത്ത് ശ്രമിച്ചില്ല. ദുരന്തമുണ്ടായ മൂന്ന് വാർഡിലും യുഡിഎഫ് അംഗങ്ങളാണ്‌ ജനപ്രതിനിധികൾ.  
ദുരന്തത്തിനുശേഷവും സ്ഥിതിക്ക് മാറ്റുമുണ്ടായില്ല. മരിച്ചവർ, നഷ്ടമായ വീടുകൾ, ഭൂമിയുടെ വിസ്തൃതി എന്നിവ സംബന്ധിച്ച വിവരം ഒരുമാസം കഴിഞ്ഞിട്ടും ഇവർ ശേഖരിച്ചില്ല. 28ാം നാൾ മേപ്പാടിയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ വിവരം ശേഖരിച്ചില്ലെന്നാണ്‌ ഭരണസമിതി അംഗങ്ങൾ പറഞ്ഞത്.  ഈ നിരുത്തവാദത്തെ  തുടർന്ന് റവന്യു വിഭാഗത്തിന് കൂടുതൽ ഇടപെടണ്ടതായി വന്നു. പഞ്ചായത്ത് ഭരണസമതിക്കെതിരെ ദുരിതാശ്വാസ ക്യാമ്പുകളിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്. ഇതോടെ പഞ്ചായത്ത് പ്രസിഡന്റിനും യുഡിഎഫ് മെമ്പർമാർക്കും ദിവസങ്ങളോളം ക്യാമ്പുകളിലേക്ക് വരാനായില്ല. താൽക്കാലിക വീടുകൾ ഒരുക്കുന്നതിലും പുനരധിവസിപ്പിച്ചവരുടെ ക്ഷേമം ഉറപ്പുവരുന്നതിലും തികഞ്ഞ അനാസ്ഥയാണ് ഭരണസമിതി കാണിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top