ബത്തേരി
കശ്‌മീരിന്റെ കുളിരിൽമാത്രം ഇതൾ വിരിഞ്ഞിരുന്ന കുങ്കുമപ്പൂ വയനാട്ടിലും പൂവിട്ടു. ലക്ഷങ്ങൾ വിലയുള്ള കുങ്കുമപ്പൂവ് വീടിന്റെ മട്ടുപ്പാവിൽ വിരിയിച്ച് വിസ്‌മയംതീർക്കുകയാണ് ബത്തേരി മലവയൽ സ്വദേശിയായ സിവിൽ എൻജിനിയർ ശേഷാദ്രി. കശ്‌മീരിലെ കാലാവസ്ഥ വീടിനുമുകളിലെ കൃഷിയിടത്തിൽ ഒരുക്കിയുള്ള പരീക്ഷണം നൂറുമേനി വിജയമായി.
എയറോപോണിക്സ് സാങ്കേതികവിദ്യയിലൂടെയുള്ള കൃഷിരീതിയിലൂടെയാണ് കുങ്കുമപ്പുവിന്റെ ഇതൾ വിരിഞ്ഞത്. മേൽക്കൂരയിൽ ഒരുക്കിയ 225 ചതുരശ്രയടി ലാബിൽ മൂടൽ മഞ്ഞുള്ള അന്തരീക്ഷം സൃഷ്‌ടിച്ച് മണ്ണും വളവുമില്ലാതെ കുങ്കുമപ്പൂ വിരിയിപ്പിക്കുകയായിരുന്നു. ആഗസ്‌തിൽ ആരംഭിച്ച കൃഷി നവംബർ അവസാനത്തോടെ വിളവെടുത്തു. പൂക്കൾ ഉണക്കി ‘എൽഎൻഎസ് അഗ്രിടെക്’ എന്ന ബ്രാൻഡിൽ ഉടൻ വിപണിയിലെത്തിക്കും.
പുതുമയുള്ള കൃഷിയും നൂതന കൃഷിരീതിയുമെന്ന ആഗ്രഹമാണ് കൊച്ചി കിറ്റ്‌കോയിൽ സോഫ്‌റ്റ്‌വെയർ എൻജിനിയറായ ശേഷാദ്രിയെ കുങ്കുമപ്പൂ കൃഷിയിലേക്ക് എത്തിച്ചത്. കൊച്ചിയിൽനിന്ന് ആരംഭിച്ച കുങ്കുമപ്പൂവിനെ പറ്റിയുള്ള പഠനം മഹാരാഷ്‌ട്രവരെ നീണ്ടു. പുത്തൻ കാർഷിക സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തി മഹാരാഷ്‌ട്രയിൽ കുങ്കുമപ്പൂകൃഷി വ്യാപകമായി നടക്കുന്നുണ്ട്.
കശ്‌മീരിൽനിന്ന് 40,000 വിത്തുകൾ എത്തിച്ചാണ് എൻജിനിയറിങ് ജോലിക്കിടെ ലഭിച്ച ഇടവേളയിൽ കൃഷിനടത്തിയത്. പഫ് പാനലിൽ ഒരുക്കിയ മേൽക്കൂരയിലെ ലാബിൽ തട്ടുകളുണ്ടാക്കി ട്രേ നിരത്തി വിത്ത് മുളപ്പിക്കുകയായിരുന്നു. ഈർപ്പം കൂട്ടാനും കുറക്കാനുമുള്ള യന്ത്രങ്ങളുടെ സഹായത്തോടെ താപനില നിയന്ത്രിച്ചു. ചെടികൾക്ക് ആവശ്യമായ തരംഗങ്ങൾ കൃത്യമായി നൽകാൻ പ്രത്യേക ഗ്രോ ലൈറ്റുകളുടെ പ്രകാശവും ഉപയോഗപ്പെടുത്തി. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കൃഷി വിജയംകണ്ടതോടെ അടുത്ത സീസണായ സെപ്‌തംബർ–-നവംബർ മാസത്തിൽ കുങ്കുമപ്പൂ കൃഷി കൂടുതൽ വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ശേഷാദ്രി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..