18 September Wednesday

സുരക്ഷിത ഗതാഗതം വയനാടിന്റെ പദ്ധതി 
ലോകവേദിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി എം സുമേഷ്‌ അന്താരാഷ്‌ട്ര 
കോൺഫറൻസിൽ വയനാടിന്റെ പ്രോജക്ട്‌ അവതരിപ്പിക്കുന്നു

 

കൽപ്പറ്റ
സുരക്ഷിത ഗതാഗത നിർവഹണവുമായി ബന്ധപ്പെട്ട്‌ ഡൽഹിയിൽ നടന്ന അന്താരാഷ്‌ട്ര കോൺഫറൻസിൽ കേരളത്തിനുവേണ്ടി വയനാടിന്റെ പദ്ധതി അവതരിപ്പിച്ച്‌ മോട്ടോർ വാഹനവകുപ്പ്‌. വാഹനാപകടങ്ങളും ആഘാതങ്ങളും കുറയ്‌ക്കുന്നതിന്‌ മാനന്തവാടി താലൂക്കിലെ റോഡുകളിൽ നടത്തിയ ഓഡിറ്റ്‌ റിപ്പോർട്ടും സുരക്ഷാ പദ്ധതികളുമണ് ലോകവേദിയിൽ എത്തിയത്‌. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ  ടി എം സുമേഷാണ്‌ കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌. 
ഡൽഹി ഐഐടിയുടെ ട്രാൻസ്‌പോർട്ടേഷൻ റിസർച്ച്‌ ആൻഡ്‌ ഇൻജുറി പ്രിവൻഷൻ സെന്റർ (ട്രിപ്പ്‌), ഇൻഡിപെൻഡന്റ്‌ കൗൺസിൽ ഫോർ റോഡ്‌ സേഫ്‌റ്റ്‌ ഇന്റർ നാഷണൽ (ഐകോർസി) എന്നിവ ചേർന്നാണ്‌ കോൺഫറൻസ്‌ സംഘടിപ്പിച്ചത്‌. അപകടങ്ങൾ തടയലും  റോഡ്‌ സുരക്ഷാ സംവിധാനങ്ങളുടെ ശാക്തീകരണവുമായിരുന്നു പ്രധാന ചർച്ചകൾ. 
വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുത്തു.
വയനാട് ആർടിഒ എൻഫോഴ്‌സ്‌മെന്റ്‌ 2022–-23 വർഷം നടത്തിയ റോഡ്‌ ഓഡിറ്റും  സുരക്ഷാ പദ്ധതികളുടെ വിവരണവുമാണ്‌ അവതരിപ്പിച്ചത്‌. റോഡ്‌ ഓഡിറ്റ്‌ നേരത്തെ ഡൽഹി ഐഐടിയിൽ അവതരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ്‌ അന്താരാഷ്‌ട്ര കോൺഫറൻസിന്‌ ക്ഷണം ലഭിച്ചത്‌.  പ്രോജക്ടിനെ അഭിനന്ദിച്ച്‌ ഐഐടി സംസ്ഥാന സർക്കാരിന്‌ കത്തുമയച്ചു.  വയനാട്‌ കലക്ടറും മോട്ടോർ വാഹന വാഹനവകുപ്പിന്‌ പ്രശംസാപത്രം നൽകി.  18.92 കോടി രൂപയുടെ പദ്ധതികൾക്ക്‌ ജില്ലാ റോഡ് സേഫ്റ്റി കൗൺസിൽ അംഗീകാരവുമായി.  
ഡൽഹി ഐഐടിയിലെ ട്രിപ്പിന്റെ സ്‌പോൺസർഷിപ്പിലാണ്‌ വയനാടിന്റെ പ്രോജക്ട്‌ രാജ്യത്തിനഭിമാനമായി  ലോകവേദിയിൽ അവതരിപ്പിച്ചത്‌. മുമ്പ് ഐഐടി  ലൈബ്രറിയിൽ ഈ പദ്ധതി റഫറൻസിന്‌ വച്ചിരുന്നു. കേരളത്തിൽ നടപ്പാക്കിയ എഐ കാമറ ഉൾപ്പെടെയുള്ള  എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങളും കോൺഫറൻസിൽ പ്രശംസിക്കപ്പെട്ടു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top