17 November Sunday

മാനന്തവാടി ബൈപാസ് ശോച്യാവസ്ഥ ഗതികെട്ട്‌ ജനം 
റോഡിൽ വാഴവച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

തകർന്നുകിടക്കുന്ന മാനന്തവാടി ബൈപാസിലെ കുഴിയിൽ നാട്ടുകാർ വാഴവയ്‌ക്കുന്നു

 

മാനന്തവാടി
തകർന്ന മാനന്തവാടി ബൈപാസ്‌ നന്നാക്കാത്ത നഗരസഭാധികൃതരുടെ നിലപാടിനെതിരെ ജനകീയ പ്രതിഷേധമിരമ്പി. റോഡിൽ വാഴനട്ട നാട്ടുകാർ നഗരസഭാ ഓഫീസിലേക്ക്‌ മാർച്ചും നടത്തി. റോഡിന്റെ ശോച്യാവസ്ഥ കഴിഞ്ഞദിവസം   ‘ദേശാഭിമാനി’ റിപ്പോർട്ട് ചെയ്തിരുന്നു. 
നഗരത്തിലെ ഏറ്റവും പ്രധാന പാതയാണ് തകർന്നുകിടക്കുന്നത്‌. യാത്ര തീർത്തും ദുഷ്‌കരമാണ്‌. 
തിങ്കൾ രാവിലെ 10.30ന്‌ വരടിമൂലയിൽനിന്നും  സമരം ആരംഭിച്ചു. അരമണിക്കൂറോളം ബൈപാസ് ഉപരോധിച്ച  നാട്ടുകാർ റോഡിലെ കുഴികളിൽ വാഴവച്ചു.  കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കടലാസ് തോണികളിറക്കിയും പ്രതിഷേധിച്ചു.  പിന്നീടായിരുന്നു നഗരസഭാ മാർച്ച്‌. 
ജനകീയ സമിതി നേതൃത്വത്തിൽ  വീട്ടമ്മമാരടക്കമുള്ളവർ പ്രതിഷേധ പ്രകടനവുമായി നഗരസഭാ ഓഫീസിലെത്തി.  ഓഫീസിലുണ്ടായിരുന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ പ്രതിഷേധം അറിയിച്ചു. തുടർന്ന് നടത്തിയ ചർച്ചയിൽ താൽക്കാലികമായി  റോഡ്‌ ഗതാഗതയോഗ്യമാക്കുമെന്നും ടെൻഡർ നടപടി പൂർത്തിയാക്കി  അടിയന്തരമായി അറ്റുകുറ്റപ്പണി നടത്തുമെന്നും ഉറപ്പുനൽകി. തുടർന്നാണ്‌ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്‌. 
എരുമത്തെരുവ് മത്സ്യമാർക്കറ്റിന് സമീപത്തുനിന്ന്‌ തുടങ്ങി ചെറ്റപ്പാലംവഴി വള്ളിയൂർക്കാവിലേക്കുള്ള  മൂന്ന്‌ കിലോമീറ്റർ പാതയാണ്‌ തകർന്നുകിടക്കുന്നത്‌.  നേരത്തെ പ്രവൃത്തി കാര്യക്ഷമമായി ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയാണ് റോഡ് ദുർഘടമാകാൻ കാരണം. കുഴികളിൽ വെള്ളം കെട്ടിനിന്ന് വാഹനങ്ങൾ പതിവായി അപകടത്തിൽപ്പെടുകയാണ്‌. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്‌ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ്‌  കക്ഷിരാഷ്ട്രീയത്തിനതീതമായി ജനകീയ പ്രതിഷേധം ഉയർന്നത്‌. 
സമരത്തിന്‌  വി എം ബാലകൃഷ്ണൻ, ഷീജ ഫ്രാൻസിസ്, എം ആർ രജനീഷ്, സാബു പൊന്നിയിൽ, കെ കെ റോജി, കെ ആർ ചന്ദ്രൻ, നൗഷാദ് പുത്തൻതിറ, അർഷാദ് ചെറ്റപ്പാലം, പി ടി മഷൂദ്, കെ കെ റെജി, തോമസ് വെളിയപ്പള്ളി, ബേബി കടവിൽ എന്നിവർ  നേതൃത്വംനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top