19 November Tuesday

തൊള്ളായിരം കണ്ടിയിൽ 
അപൂർവയിനം വള്ളിച്ചെടി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ഹെറ്ററോസ്റ്റെമ്മ ഡാൾസെല്ലി

കൽപ്പറ്റ
കേരളത്തിന്റെ സസ്യസമ്പത്തിലേക്ക്‌ വയനാട്ടിൽനിന്ന്‌ പുതിയ അതിഥി. തൊള്ളായിരം കണ്ടിയിൽ അപൂവയിനം വള്ളിച്ചെടി കണ്ടെത്തി. വടക്കൻ പശ്ചിമഘട്ടത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങളിൽ അപൂർവമായി സാന്നിധ്യമറിയിച്ചിരുന്ന ‘ഹെറ്ററോസ്റ്റെമ്മ ഡാൾസെല്ലി’ ആണ്‌ കണ്ടെത്തിയത്‌. പാല വർഗത്തിലെ വള്ളിച്ചെടികളിലൊന്നാണിത്‌. തെക്കൻ പശ്ചിമഘട്ടത്തിൽനിന്ന് ആദ്യമായാണ്‌ ഡാൾസെല്ലിയുടെ സാന്നിധ്യം പുറത്തെത്തുന്നത്‌.  കൽപ്പറ്റ എം എസ് സ്വാമിനാഥൻ ഫൗണ്ടേഷനിലെ ഡയറക്ടർ ഡോ. വി ഷക്കീല, ഗവേഷകരായ ഡോ. എൻ മോഹനൻ, സലിം പിച്ചൻ, നന്ദകുമാർ, ആലപ്പുഴ എസ്ഡി കോളേജ്‌ സസ്യശാസ്ത്രവിഭാഗം അസി. പ്രൊഫസർ ഡോ. ജോസ് മാത്യു എന്നിവരാണ് ഗവേഷണത്തിന്‌ പിന്നിൽ. 2020ൽ കണ്ടെത്തി വിശദമായ പഠനവും ഗവേഷണവും പൂർത്തിയാക്കിയാണ്‌ അപൂർവ സസ്യത്തിന്റെ സാന്നിധ്യം ലോകത്തിന്‌ മുമ്പിൽ അവതരിപ്പിച്ചത്‌. വിശദമായ പഠനപ്രബന്ധം അന്താരാഷ്ട്ര ശാസ്ത്ര മാസിക ‘ലില്ലോ’ വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ചു. നീലഗിരി ജൈവമണ്ഡലത്തിൽ പെടുന്ന തൊള്ളായിരംകണ്ടിയിലെ കണ്ടെത്തലിലൂടെ നീലഗിരി പർവതനിരകളിൽ ഡാൾസെല്ലി ഇനിയുമുണ്ടാകുമെന്ന്‌ തെളിയുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top