മാനന്തവാടി
പ്രായം ശാരീരികമായി തളർത്തിയിട്ടുണ്ടെങ്കിലും കെ വി മോഹനന്റെ വിപ്ലവമനസ്സിന് ഇപ്പോഴും ചെറുപ്പമാണ്. പോരാട്ടങ്ങളുടെ ജ്വലിക്കുന്ന സ്‌മരണകളിൽ അൽപ്പംപോലും മങ്ങലില്ല. നാടിനുവേണ്ടി പൊരുതിനിന്നതിന്റെ ആത്മസംതൃപ്‌തിയിലാണ് എൺപതിലേക്ക് കടക്കുമ്പോഴും ജില്ലയിലെ മുതിർന്ന ഈ കമ്യൂണിസ്‌റ്റ് നേതാവ്.
സിപിഐ എമ്മിന്റെ ആദ്യവയനാട് ജില്ലാ കമ്മിറ്റി അംഗം.
കെ വി മോഹനനും വി പി ശങ്കരൻ നമ്പ്യാരും ഒ വി സനിൽകുമാറുമാണ് ആദ്യ ജില്ലാകമ്മിറ്റിയിലുണ്ടായിരുന്നവരിൽ ഇപ്പോഴുള്ളത്. പതിമൂന്നംഗ കമ്മിറ്റിയിലെ മറ്റു പത്തുപേരും ജീവിച്ചിരിപ്പില്ല.
ജില്ലയിൽ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുത്ത മുന്നണി പോരാളികളിൽ ഒരാളാണ് സഖാക്കളുടെ പ്രിയപ്പെട്ട മോഹനേട്ടൻ. ഈ തൊഴിലാളി നേതാവിന്റെ ചരിത്രം വയനാട്ടിലെ സിപിഐ എമ്മിന്റെ ചരിത്രമാണ്. 1973-ൽ വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചശേഷം തുടർച്ചയായ 48 വർഷം കമ്മിറ്റിയുടെ ഭാഗമായി. 1980 മുതൽ 2017വരെ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. കാൽനൂറ്റാണ്ട് എൽഡിഎഫ് ജില്ലാ കൺവീനറായി.
അവിഭക്ത കമ്യൂണിസ്റ്റ് പാർടിയിലെ പിളർപ്പിന് തൊട്ടുമുമ്പാണ് ഇരുപതുകാരനായ കെ വി പാർടി അംഗമാകുന്നത്. തൃശിലേരിയിലെ കമ്യൂണിസ്‌റ്റ് നേതാവായിരുന്ന എം ദൈരുവാണ് മെമ്പർഷിപ്പ് നൽകിയത്. വടക്കേ വയനാട്ടിൽ കർഷക തൊഴിലാളി, തോട്ടം തൊഴിലാളി പ്രക്ഷോഭങ്ങളുടെ നേതൃത്വമായി. പാർടി കെട്ടിപ്പടുക്കുന്നതിന് ജില്ലമുഴുവൻ സഞ്ചരിച്ചു. പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചു. ഇപ്പോഴത്തെ കാഴ്‌ചാപരിമിതിയുടെ ഹേതുവം അക്കാലത്ത് ഏൽക്കേണ്ടിവന്ന പൊലീസ് മർദനമാണ്. മാനന്തവാടിയിലെ സിഐടിയു ഓഫീസായിരുന്നു ആദ്യകാലത്ത് ജില്ലയിലെ കമ്യൂണിസ്‌റ്റ് പാർടിയുടെ ആസ്ഥാനം. 1971-ൽ എ കെ ജിയാണ് ഓഫീസ് ഉദ്‌ഘാടനംചെയ്‌തത്. താക്കോൽ കെ വിക്കാണ് നൽകിയത്. പ്രായത്തിന്റെ അവശതയിൽ സജീവ പാർടി പ്രവർത്തനത്തിൽനിന്ന് മാറുന്നതുവരെ ഈ ഓഫീസായിരുന്നു കെ വിയുടെ എല്ലാം. ഇവിടെ രൂപപ്പെടുത്തിയ സമരങ്ങൾക്കും പരിഹാരംകണ്ട പ്രശ്‌നങ്ങൾക്കും കണക്കില്ല. എ കെ ജി, നായനാർ, കെ പി ഗോപാലൻ, കെ പി ആർ ഗോപാലൻ എന്നിവരുടെ വയനാട്ടിലെ ഒളിവ് ജീവിതത്തിൽ വഴികാട്ടിയും ദൂതനുമായി. ഇവരിൽനിന്ന് പകർന്നുകിട്ടിയ പോരാട്ടവീര്യവും ആശയദൃഢതയുമാണ് കരുത്തനായ കമ്യൂണിസ്‌റ്റാക്കിയത്.
സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ച് അരനൂറ്റാണ്ടായ ശേഷമുള്ള ജില്ലാ സമ്മേളനത്തിന്റെ ആവേശത്തിലാണ് മോഹനൻ. ജില്ലയിലെ ഒന്നാമത്തെ പാർടിയായി സിപിഐ എം വളർന്നതിന്റെ ആത്മസംതൃപ്‌തിയുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..