23 December Monday
മാനന്തവാടി ബ്ലോക്ക് ക്ഷീരവികസന യൂണിറ്റിന്‌ നേട്ടം

പാൽ ചുരത്തി ‌
മുൻനിരയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021
മാനന്തവാടി
 മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ  ഘടക സ്ഥാപനമായ മാനന്തവാടി ബ്ലോക്ക്  ക്ഷീര വികസന യൂണിറ്റ് പാലുൽപ്പാദനത്തിൽ സംസ്ഥാനത്ത് മൂന്നാമത്. കോവിഡ്‌   പ്രതിസന്ധിക്കിടയിലാണ്‌  അധികം പാൽ ഉൽപ്പാദിപ്പിച്ച് ക്ഷീരമേഖലയിൽ ജില്ലക്കാകെ അഭിമാനമാവുന്ന മികച്ച മുന്നേറ്റം കൈവരിച്ചത്‌. സംസ്ഥാനത്ത് 152 ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുകളിൽനിന്നാണ്‌ മാനന്തവാടി മുൻനിരയിലെത്തിയത്‌. 
   മാനന്തവാടി  ബ്ലോക്കിലെ ക്ഷീരോൽപ്പാദക സഹകരണ സംഘങ്ങൾ  പ്രതിദിനം 78,000 ലിറ്റർ പാലാണ് സംഭരിക്കുന്നത്. പ്രതിദിനം 21,000 ലിറ്റർ പാൽ സംഭരിക്കുന്ന മാനന്തവാടി ക്ഷീരോൽപ്പാദക സംഘമാണ്ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ സംഭരിക്കുന്ന ക്ഷീരസംഘം. സംരംഭകർ കൂടിയതോടെ   ക്ഷീരസംഘങ്ങളിൽ  പ്രതിദിനം 12,000 ലിറ്റർ പാലിന്റെ വർധനയുണ്ടായെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി പറഞ്ഞു. കോവിഡ് പ്രതിസന്ധിയിലും  ക്ഷീര വികസന വകുപ്പ് പ്ലാൻ ഫണ്ട് മുഖേന 25  ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കി. ഒരു പശു യൂണിറ്റ്, ഗോദാനം, രണ്ട്‌ പശു യൂണിറ്റ്, അഞ്ച്‌ പശു യൂണിറ്റ്, കിടാരി യൂണിറ്റ്, സമ്മിശ്ര ഡെയ്‌റി യുണിറ്റ്, തൊഴുത്തു നിർമാണം, കറവയന്ത്രം, ബയോഗ്യാസ് പ്ലാന്റ്, തീറ്റപ്പുൽകൃഷി പദ്ധതി എന്നിവയും ക്ഷീരസംഘങ്ങളുടെ ആധുനികവൽക്കരണവും നടപ്പാക്കി. ഈ കാലയളവിൽ ക്ഷീരസംഘങ്ങൾവഴി 10,050 ചാക്ക് കാലിത്തീറ്റ സബ്‌സിഡി നിരക്കിൽ വിതരണംചെയ്തിട്ടുണ്ട്.
    ജില്ലാ പഞ്ചായത്ത്, മാനന്തവാടി  ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെയും ബ്ലോക്കിലെ 5  പഞ്ചായത്തുകളുടെയും സംയുക്ത പദ്ധതിയായി ക്ഷീര കർഷകർക്ക് പാൽവില സബ്‌സിഡിയായി യൂണിറ്റ് ഓഫീസ് മുഖേന 1.60 കോടി രൂപ പാൽ ഇൻസെന്റീവായി നൽകിയിട്ടുണ്ട്.  ഇതിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടിൽനിന്ന്‌  40  ലക്ഷം രൂപ അനുവദിച്ചു. 
ഇൻഷുറൻസ് 
കവറേജിൽ 
ആയിരം പശുക്കൾ
  മാനന്തവാടി ബ്ലോക്ക് ‌ക്ഷീര വികസന യൂണിറ്റ്‌ സാന്ത്വനം സമഗ്ര ക്ഷീര കർഷക ഇൻഷുറൻസ് പ്രകാരം ആയിരത്തോളം പശുക്കളെയും  400 ക്ഷീര കർഷകരെയും സമഗ്ര ഇൻഷുറൻസ് കവറേജിൽ ചേർത്തിട്ടുണ്ട്. പരമാവധി ഒരുലക്ഷം രൂപവരെ ചികിത്സാ ചെലവ് ഇതുവഴി കർഷകർക്കും അവരുടെ കുടുംബങ്ങൾക്കും ലഭിക്കും.  പശുക്കൾ മരണപ്പെട്ടാൽ  50,000 രൂപ മുതൽ 70,000 രൂപവരെ നഷ്ടപരിഹാരം ഉടമകൾക്ക് നൽകും. 2020–--21 വർഷം ഏകദേശം 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക വിവിധ കർഷകർക്ക് മാനന്തവാടി ബ്ലോക്ക് യൂണിറ്റിൽനിന്ന്‌ വിതരണംചെയ്തു. പ്രധാൻ മന്ത്രി കിസാൻ യോജന വഴി 2500 ക്ഷീര കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് അനുവദിച്ചു.  വിവിധ ബാങ്കുകൾവഴി 4  കോടി രൂപ കാർഷിക ലോൺ നൽകുകയുംചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top