കൽപ്പറ്റ
ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധി വ്യാപനം തടയാൻ മുൻകരുതൽ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പുകളിൽ പനി ബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കണം. എച്ച് വൺ, എൻ വൺ, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത വേണം. ലക്ഷണം കണ്ടാലുടൻ ചികിത്സ ആരംഭിക്കണം. ജലദോഷമില്ലാത്ത പനി ശ്രദ്ധയിൽപ്പെട്ടാൽ എലിപ്പനിക്ക് ചികിത്സ തേടണം.
ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിൽ കഴിഞ്ഞ ആറുദിവസമായി കോളുകൾ വന്നിട്ടില്ല. ഈ സാഹചര്യത്തിൽ കൺട്രോൾ റൂം ടെലിമാനസുമായി ചേർന്ന് പ്രവർത്തിക്കും. ആരോഗ്യ, ആയുർവേദ, ഹോമിയോ വകുപ്പുകളും ജില്ലാ വനിതാ - ശിശുസംരക്ഷണ ഓഫീസും ശേഖരിച്ച മാനസികാരോഗ്യ പിന്തുണ നൽകുന്നതിനാവശ്യമായ വിവരങ്ങൾ ക്രോഡീകരിക്കും.
ക്യാമ്പ് അംഗങ്ങൾക്ക് മാനസിക പിന്തുണ നൽകുന്ന കൗൺസലർമാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യിക്കണം. ഇവർക്ക് മതിയായ വിശ്രമം ഉറപ്പാക്കണം. മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകണം.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ, പൊതുജനാരോഗ്യം അഡീഷണൽ ഡയറക്ടർ ഡോ. കെ പി റീത്ത എന്നിവർ ഓൺലൈനായി പങ്കെടുത്തു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ വിവേക് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ്, മാനസികാരോഗ്യം വിഭാഗം സംസ്ഥാന നോഡൽ ഓഫീസർ ഡോ. പി എസ് കിരൺ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീറ സെയ്തലവി, ആയുർവേദം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ പ്രീത തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..