23 December Monday

ഫണ്ട്‌ ലാപ്‌സാക്കി പഞ്ചായത്ത്‌ ചോരുന്ന വീടുകളിൽ 
ഗോത്രകുടുംബങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

വീട്‌ ചോർന്ന്‌ ചുവരിലെ സിമന്റ്‌ അടർന്നുവീണ നിലയിൽ

 

വടുവഞ്ചാൽ
.ആദിവാസി ക്ഷേമപദ്ധതികൾക്കുള്ള ഫണ്ട്‌ വിനിയോഗിക്കാതെ പഞ്ചായത്ത്‌ ലാപ്‌സാക്കുമ്പോഴും ഗോത്രവർഗക്കാരുടെ ചോർന്നൊലിക്കുന്ന വീടുകൾ നന്നാക്കാൻ നടപടിയില്ല. മൂപ്പൈനാട്‌ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മാങ്കുന്ന്‌  ഉന്നതിയിലെ  14 വീടുകളാണ്‌ ചോർന്നൊലിക്കുന്നത്‌. 
ടെറസുകളിൽനിന്ന്‌ വെള്ളം ചുവരുകളിലൂടെ ഇറങ്ങുകയാണ്‌. ചുവരിൽനിന്ന്‌ സിമന്റും അടർന്നുവീഴുകയാണ്‌.  വീടിനകത്ത്‌ വെള്ളം കെട്ടിക്കിടക്കുകയാണ്‌. വീട്ടുസാധനങ്ങളും നശിച്ചു.  കുന്നിന്റെ മുകളിൽനിന്നും മണ്ണ് ഒലിച്ച്‌ വീടുകളിലേക്കും എത്തുകയാണ്‌.  കുളിമുറിയുടെ വാതിൽ തുറക്കാൻ  കഴിയാത്ത സാഹചര്യമുണ്ട്‌. 
വീടുകളുടെ ചോർച്ചയും മണ്ണൊലിച്ചുള്ള പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന്‌ നിരവധി തവണ പഞ്ചായത്ത്‌ അധകൃതരോട്‌ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. 
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത്‌ 70 ശതമാനം ടിഎസ്‌പി ഫണ്ട് ഉപയോഗിക്കാതെ പാഴാക്കി. നിരവധി ഗോത്രകുടുംബങ്ങളുടെ ക്ഷേമത്തിന്‌ ഉപയോഗിക്കേണ്ട തുകയാണ്‌ ലാപ്‌സാക്കിയത്‌.  ഈ സമയത്തുൾപ്പെടെ ചോർന്നൊലിക്കുന്ന വീടുകളിൽ ഇവർ കഴിയുകയായിരുന്നു.  മഴ ശക്തമാകുമ്പോൾ ഭയന്നാണ് വീടുകളിൽ കഴിയുന്നതെന്ന്‌ ഇവർ പറയുന്നു.
കഴിഞ്ഞ മഴക്കാലത്ത് ഒലിച്ചുപോയ പാലം നിർമിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. റോഡും പൊളിഞ്ഞ്‌ യാത്ര ദുഷ്‌കരമാണ്‌. ആദിവാസികളുടെ  അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ യുഡിഎഫ്‌ പഞ്ചായത്ത്‌ ഭരണസമിതി തയ്യാറായിട്ടില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക്‌ നീങ്ങുമെന്നും ഇവർ പറഞ്ഞു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top