20 September Friday

കരുതലിന്റെ ഓണം 54,920 കുടുംബങ്ങൾക്ക്‌ ഓണക്കിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

കൽപ്പറ്റ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ താലൂക്ക് ഫെയർ ഉദ്‌ഘാടന ചടങ്ങിൽ നഗരസഭാ കൗൺസിലർ ഫെരീഫ ആദ്യവിൽപ്പന നടത്തുന്നു

 

കൽപ്പറ്റ
ഓണത്തിന്‌ സർക്കാരിന്റെ കൈത്താങ്ങായി ജില്ലയിലെ 54,920 കുടുംബങ്ങളിൽ സൗജന്യ ഓണക്കിറ്റ്‌ എത്തും.  മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരായ 1769 കാർഡ്‌ ഉടമകളും ഇതിൽ ഉൾപ്പെടും. പുറമേ ക്ഷേമസ്ഥാപനങ്ങളിൽ 135 ഓണക്കിറ്റുകളും നൽകുന്നുണ്ട്‌. 
തിങ്കൾ മുതൽ 13,229 പേർ റേഷൻ കടകളിലെത്തി സൗജന്യ ഓണക്കിറ്റ്‌ വാങ്ങി. ദുരന്തബാധിത മേഖലയിലെ കുടുംബങ്ങളിലെ 116 പേരാണ്‌ ആദ്യ രണ്ടുദിവസങ്ങളിൽ കിറ്റുവാങ്ങാനെത്തിയത്‌.   
റേഷൻ കാർഡുമായെത്തിയാൽ ഏത്‌ റേഷൻകടയിൽനിന്നും കിറ്റുവാങ്ങാനുള്ള സൗകര്യമാണുള്ളത്‌. ചൂരൽമലയിൽനിന്ന്‌ മാറിത്താമസിക്കുന്നവർക്കായി അവരുടെ വാടകവീടുകൾക്ക്‌ സമീപം കൂടുതൽ കിറ്റുകൾ എത്തിച്ചാണ്‌ വിതരണം ഉറപ്പുവരുത്തുന്നത്‌.
100 ഗ്രാം വീതം തേയിലപ്പൊടി, സാമ്പർപൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി, 250 ഗ്രം വീതം ചെറുപയർപരിപ്പ്‌, സേമിയ പായസം മിക്‌സ്‌, തുവരപ്പരിപ്പ്‌, 50 ഗ്രാം കശുവണ്ടി പരിപ്പ്‌, 500 വെളിച്ചെണ്ണ, 50 ഗ്രാം നെയ്യ്‌, ഒരു കിലോ പൊടി ഉപ്പ്‌, തുണിസഞ്ചി എന്നിവ ഉൾക്കൊള്ളുന്ന 14 ഇനങ്ങളടങ്ങിയ കിറ്റാണ്‌ നൽകുന്നത്‌. 
നീലകാർഡ്‌ ഉടമകൾക്ക്‌ ഓണത്തിന്‌ സാധാരണ റേഷനുപുറമെ 10.90 രൂപ നിരക്കിൽ 10 കിലോ അരിയും വെള്ളകാർഡ്‌ ഉടമകൾക്ക്‌ റേഷൻ വിഹിതത്തിൽ ഉൾപ്പെടുത്തി അതേനിരക്കിൽ 10 കിലോ അരിയും നൽകുന്നുണ്ട്‌. 
 ചൊവ്വാഴ്‌ച സപ്ലൈകോയുടെ താലൂക്ക്‌ തല ഓണച്ചന്തകളും ആരംഭിച്ചു. സബ്‌സിഡി സാധനങ്ങൾക്ക്‌ പുറമെയുള്ളവർക്ക്‌ 40 ശതമാനംവരെ വിലക്കുറവാണ്‌. പകൽ രണ്ടു മുതൽ നാലുവരെ നിലവിലുള്ളതിനേക്കാൾ അഞ്ചുശതമാനം അധികം വിലക്കിഴിവും ലഭിക്കുന്നുണ്ട്‌. 14 വരെ സപ്ലൈകോ ചന്തകൾ പ്രവർത്തിക്കും.
 
 
സപ്ലൈകോ താലൂക്ക് ഫെയർ
കൽപ്പറ്റ
ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോയുടെ താലൂക്ക് ഫെയർ കൽപ്പറ്റ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ടി സിദ്ദീഖ് എംഎൽഎ ഉദ്ഘാടനംചെയ്തു. എല്ലാ ഉൽപ്പന്നങ്ങൾക്കും സ്ഥിരമായി നൽകിവരുന്ന  5 മുതൽ 35 ശതമാനം വരെയുള്ള  വിലക്കിഴിവിന് പുറമേ ഓണം പ്രമാണിച്ച് പകൽ രണ്ടുമുതൽ നാലുവരെ  സബ്സിഡി ഒഴികെയുള്ള  എല്ലാ ഉൽപ്പന്നങ്ങൾക്കും ഡീപ്പ് ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൽപ്പറ്റ നഗരസഭാ ചെയർമാൻ ടി ജെ ഐസക് അധ്യക്ഷനായി.  നഗരസഭാ കൗൺസിലർ ഫെരീഫ ആദ്യവിൽപ്പന നടത്തി. നഗരസഭാ കൗൺസിലർമാരായ സി കെ ശിവരാമൻ, രാജാറാണി, ടി മണി എന്നിവർ സംസാരിച്ചു. വൈത്തിരി അസി. സപ്ലൈ ഓഫീസർ രാജേന്ദ്രപ്രസാദ് സ്വാഗതവും ഡിപ്പോ മാനേജർ അഭാരമേഷ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top