കൽപ്പറ്റ
വീടെന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. സ്വന്തമായി വീടുണ്ടാക്കാൻ കഴിയാത്ത ആയിരങ്ങൾക്ക് കാലങ്ങളോളം അത് സ്വപ്‌നം മാത്രമായി അവശേഷിച്ചു. എന്നാൽ 2016ൽ അധികാരമേറ്റ എൽഡിഎഫ് സർക്കാർ ഈ സ്വപ്‌നങ്ങൾ പൂവണിയിച്ചതിന്റെ ഉത്തമോദാഹരണമാണ് ലൈഫ്. വിവിധ പദ്ധതികളിലായി സാങ്കേതിക കുരുക്കിലകപ്പെട്ട് വീട് നിർമാണം നിലച്ചുപോയ പദ്ധതികളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്ന് സംസ്ഥാന സർക്കാർ പാവപ്പെട്ട ജനങ്ങളുടെ സ്വപ്‌നം യാഥാർഥ്യമാക്കുകയായിരുന്നു. ആദിവാസി സമൂഹം ഏറെയുള്ള ജില്ലയിൽ ദരിദ്രരും അശരണരുമായ ജനതയെ ചേർത്തുപിടിച്ചതിന്റെ അടയാളങ്ങളായി മാറുകയാണ് ലൈഫ് ഭവനങ്ങൾ.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം എൽഡിഎഫ് സർക്കാരും തുടർന്നു വന്ന രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ഈ വർഷം ജൂൺ വരെയുള്ള കണക്കുപ്രകാരം 24,000ത്തോളം കുടുംബങ്ങൾക്കാണ് വീട് അനുവദിച്ചത്. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറിയശേഷം മാത്രം 7000 ഭവനങ്ങൾ പൂർത്തിയായി. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യ നൂറുദിന പരിപാടിയിൽ മാത്രം 985 വീടുകൾ പൂർത്തിയാക്കിയിരുന്നു.
2016ൽ എൽഡിഎഫ് സർക്കാർ തുടക്കമിട്ട ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ വിഭാഗത്തിലെ 8784 ഗുണഭോക്താക്കളായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ 8440 പേരുടെ വീട് നിർമാണം പൂർത്തീകരിച്ചു. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തിൽ അർഹരായ 4656 ഗുണഭോക്താക്കളിൽ 4048 പേരുടെ വീട് നിർമാണം പൂർത്തീകരിച്ചു. മൂന്നാം ഘട്ടത്തിൽ ഭൂ-–ഭവനരഹിതരുടെ വിഭാഗത്തിൽ ഭൂമി കണ്ടെത്തിയ 972 ഗുണഭോക്താക്കളിൽ 752 പേരുടെ ഭവനനിർമാണം പൂർത്തീകരിച്ചു. എസ്‌സി, എസ്ടി വകുപ്പിന് കീഴിലായി 2789 വീടുകളുടെ പണി പൂർത്തീകരിച്ചു. പിഎംഎവൈ അർബൻ, പിഎംഎവൈ റൂറൽ വിഭാഗങ്ങളിലായി 3440 വീടുകൾ നിർമിച്ചു. ന്യൂനപക്ഷ വകുപ്പിന് കീഴിലായി 218 വീടുകൾ പൂർത്തിയാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..