22 December Sunday

‘ദുരന്തബാധിതരെ കൊല്ലാൻ നോക്കരുത്’ ഡിവൈഎഫ്‌ഐ ഇന്ന്‌ മേപ്പാടി
പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

 

മേപ്പാടി
മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതർക്ക്‌ പഴകിയ ഭക്ഷ്യധാന്യങ്ങൾ നൽകിയ മേപ്പാടി പഞ്ചായത്തിന്റെ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ തിങ്കളാഴ്‌ച മേപ്പാടി പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിക്കും. രാവിലെ എട്ടിന്‌ പഞ്ചായത്ത്‌ ഓഫീസ്‌ വളയും. 
പഞ്ചായത്ത്‌ നൽകിയ ഭക്ഷ്യവസ്‌തുക്കൾ കഴിച്ച്‌ കുട്ടികൾക്ക്‌ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്നാണ്‌  പ്രക്ഷോഭം. ‘ദുരന്തബാധിതരെ കൊല്ലാൻ നോക്കരുത്‌’ എന്ന മുദ്രാവാക്യം ഉയർത്തി പഞ്ചായത്ത്‌ ഭരണസമിതിക്കും ഭരണസമിതിക്ക്‌ കൂട്ടുനിൽക്കുന്ന ടി സിദ്ദിഖ്‌ എംഎൽഎക്കെതിരെയുമാണ്‌ സമരമെന്ന്‌ ഡിവൈഎഫ്‌ഐ ഭാരവാഹികൾ അറിയിച്ചു. 
സർക്കാരും സംഘടനകളും നൽകിയ ഭക്ഷ്യവസ്‌തുക്കൾ യഥാസമയം വിതരണംചെയ്യാതെ പൂഴത്തിവച്ചശേഷം തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ വിതരണം ചെയ്‌തതാണെന്ന്‌ ഡിവൈഎഫ്‌ഐ ആരോപിച്ചു. ഇതിലെ സോയാബിൻ കഴിച്ചാണ്‌ കുട്ടികൾക്ക്‌ ഭക്ഷ്യവിഷബാധയേറ്റത്‌. പഞ്ചായത്ത്‌ ദുരിതബാധിതർക്ക്‌ പുഴുവരിച്ച അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കൾ നൽകിയത്‌ ഡിവൈഎഫ്‌ഐയുടെ ഇടപെടലിനെ തുടർന്നാണ്‌ പുറത്തെത്തിയത്‌. കഴിഞ്ഞ ഏഴിന്‌ പഞ്ചായത്തിലും ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിച്ച ഇ എം എസ്‌ ഹാളിലും ഉജ്വല സമരം നടത്തി. ഇ എം എസ്‌ ഹാളിലെ സമരത്തിൽ അരി, റവ, മൈദ, പലവ്യഞ്ജനങ്ങൾ തുടങ്ങിയവ ഉൾപ്പെടെ ചാക്കുകണക്കിന്‌ സാധനങ്ങളാണ്‌ കേടുവന്നനിലയിൽ കണ്ടെത്തിയത്‌. കുട്ടികൾക്ക്‌ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ ശനിയാഴ്‌ച മേപ്പാടി ടൗണിൽ റോഡ്‌ ഉപരോധിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top