കൽപ്പറ്റ
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം തിങ്കളാഴ്‌ച. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതൽ മുന്നണികൾ ആരംഭിച്ച പരസ്യപ്രചാരണം തിങ്കൾ വൈകിട്ട് അഞ്ചിന് അവസാനിക്കും. ബുധനാഴ്‌ചയാണ് വോട്ടെടുപ്പ്. മണ്ഡലത്തിലെ ലോക്കൽ, പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് എൽഡിഎഫിന്റെ കൊട്ടിക്കലാശം. കൽപ്പറ്റ ടൗണിൽ നഗരസഭ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശത്തിൽ സ്ഥാനാർഥി സത്യൻ മൊകേരി പങ്കെടുക്കും. തിങ്കാളാഴ്‌ച സ്ഥാനാർഥിക്ക് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പര്യടനമില്ല. വയനാട്ടിലെ വ്യക്തികളെ സന്ദർശിക്കും. സ്ഥാപനങ്ങളിലും വോട്ട് അഭ്യർഥിച്ച് കൊട്ടിക്കലാശത്തിനായി കൽപ്പറ്റയിലേക്ക് എത്തും.
സ്ഥാനാർഥി പ്രഖ്യാപനം വന്നതുമുതൽ മുഴുവൻ സമയവും മണ്ഡലത്തിലുണ്ടായിരുന്നു. ഓരോ നിയോജക മണ്ഡലങ്ങളിലും മൂന്നുതവണ പര്യടനം നടത്തി. ഞായറാഴ്‌ച മാനന്തവാടി നിയോജക മണ്ഡലത്തിലായിരുന്നു പ്രചാരണം. ഗോത്ര, കാർഷിക മേഖലകളിൽ ഉജ്വല വരവേൽപ്പാണ് ലഭിച്ചത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിച്ച സത്യൻ മൊകേരി കുറഞ്ഞ വോട്ടുകൾക്കാണ് പൊരുതിത്തോറ്റത്. വിജയിച്ച യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം ഇരുപത്തിയൊന്നായിരത്തിൽ താഴെയായിരുന്നു. രാഹുൽ മണ്ഡലം ഉപേക്ഷിച്ച് ഉപതെരഞ്ഞെടുപ്പ് കെട്ടിയേൽപ്പിച്ചതിന്റെ അമർഷം വോട്ടർമാർക്കുണ്ട്. 2014 ലെ സാഹചര്യമാണ് നിലവിലുള്ളതെന്ന് സത്യൻ മൊകേരി പ്രതികരിച്ചു.
യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും തിങ്കളാഴ്‌ച ബത്തേരിയിൽ റോഡ് ഷോ നടത്തും. രാവിലെ 10.15ന് ആണ് റോഡ് ഷോ. പകൽ മൂന്നിന് തിരുവമ്പാടിയിലും റോഡ് ഷോ ഉണ്ട്. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ബത്തേരിയിൽ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..