കൽപ്പറ്റ
ഐഎസ്എൽ മാതൃകയിൽ ആദ്യമായി സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്‌ബോളിന്റെ ആവേശപ്പോരിൽ വയനാടൻ ഗരിമയുയർത്തി 13 താരങ്ങളും. ആറ് ക്ലബ്ബുകളിലായാണ് ഇവർ ബൂട്ടണിയുന്നത്. മുൻകാലങ്ങളിൽനിന്ന് വിഭിന്നമായി സൂപ്പർ ലീഗിലെ പോലെയുള്ള പ്രൊഫഷണൽ ക്ലബ്ബുകളിൽ കൂടുതൽ താരങ്ങൾ ഇടംനേടുന്നത് വയനാടിന്റെ ഫുട്‌ബോൾ വളർച്ചയിൽ നിർണായകമാവും. ജില്ലയിൽ പുതിയ ജില്ലാ സ്‌റ്റേഡിയം ഉയർന്നതും വയനാട് യുണൈറ്റഡ് എഫ്സി എന്ന പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ് രൂപം കൊണ്ടതുമെല്ലാം ഈ നേട്ടത്തിന് ഗുണകരമായി. ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജില്ലാ സീനിയർ ഡിവിഷൻ ലീഗുകളും ജൂനിയർ, സബ് ജൂനിയർ ഫുട്ബോൾ ടൂർണമെന്റുകൾ സജീവമാക്കിയതും ജില്ലയുടെ ഫുട്‌ബോൾ വളർച്ചക്ക് കരുത്തേകി.
വയനാട് യുണൈറ്റഡ് എഫ്സിയിൽനിന്നുമാത്രം എട്ട് താരങ്ങൾ സൂപ്പർ ലീഗിൽ കുപ്പായമണിയുന്നുണ്ട്. ഇവരിൽ ശ്രീനാഥ്, അരുൺ ലാൽ, രെമിത്ത്, ജെസീൽ എന്നിവർ ഫോഴ്‌സ് കൊച്ചി എഫ്സിക്കുവേണ്ടിയും മുഹമ്മദ് അമീൻ, അക്ബർ എന്നിവർ കണ്ണൂർ വാരിയേഴ്‌സിനുവേണ്ടിയും റിജോൺ ജോസ് കാലിക്കറ്റ് എഫ്സിക്കും ജെയ്‌മി ജോയ് തൃശൂർ മാജിക്കിന് വേണ്ടിയും ബൂട്ടണിയുന്നു. കൂടാതെ ഗിഫ്റ്റി സി ഗ്രേഷ്യസ്, സഫ്നാദ് മേപ്പാടി എന്നിവർ തൃശൂർ മാജിക്കിന് വേണ്ടിയും അജയ് അമ്പലവയൽ, നജീബ് അമ്പലവയൽ എന്നിവർ കണ്ണൂർ വാരിയേഴ്‌സിനും അസ്ലാം തലപ്പുഴ കലിക്കറ്റ് എഫ്സിക്കും കളിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..