22 December Sunday

കീശചോരാതെ 
പച്ചക്കറിയും വാങ്ങാം

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കൃഷിവകുപ്പിന്റെ ഓണസമൃദ്ധി പച്ചക്കറി ചന്ത ഉദ്‌ഘാടന ചടങ്ങിൽ കലക്ടർ മേഘശ്രീ ആദ്യ വിൽപ്പന നടത്തുന്നു

കൽപ്പറ്റ   
കൺസ്യൂമർ ഫെഡിന്റെയും സപ്ലൈകോയുടെയും ഓണച്ചന്തകൾക്ക്‌ പിന്നാലെ കൃഷിവകുപ്പിന്റെ ഓണം പച്ചക്കറി ചന്തകളും ആരംഭിച്ചതോടെ ജില്ല ഓണസമൃദ്ധിയിലേക്ക്‌. സർക്കാരിന്റെ കരുതലിലും കൈത്താങ്ങിലും വിപണിയിൽ വൻ വിലക്കുറവിലാണ്‌ ഉൽപ്പന്നങ്ങൾ ലഭ്യമാവുന്നത്‌. മൂന്നുനാൾ ശേഷിക്കേ നാടും നഗരവും ഓണത്തെ വരവേൽക്കാനൊരുങ്ങി. 
ന്യായവിലയ്‌ക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനാണ്‌ കൃഷിവകുപ്പ്‌ ജില്ലയിൽ 39 ഓണച്ചന്തകൾ തുറക്കുന്നത്‌. പഞ്ചായത്ത്, നഗരസഭാ തലത്തിൽ ഓരോന്നും വിഎഫ്പിസികെയുടെ നേതൃത്വത്തിൽ അഞ്ചും ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ എട്ടും ചന്തകളാണ്‌ ആരംഭിക്കുക. കർഷകരിൽനിന്ന്‌ വിപണി വിലയെക്കാൾ 10 ശതമാനം അധികതുക നൽകി പച്ചക്കറി സംഭരിക്കും. വിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിൽ വിപണനം നടത്തും. എല്ലാവിധ പച്ചക്കറികളും പഴ വർഗങ്ങളും വിൽപ്പന നടത്തുന്നുണ്ട്‌. 14വരെയാണ് ഓണച്ചന്ത പ്രവർത്തിക്കുക.  
കർഷക ചന്ത ജില്ലാ ഉദ്ഘാടനം കൽപ്പറ്റ പുതിയ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സംഷാദ് മരയ്ക്കാർ നിർവഹിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ. ടി ജെ ഐസക്‌ അധ്യക്ഷനായി. കലക്ടർ ഡി ആർ മേഘശ്രീ ആദ്യ വിൽപ്പന നടത്തി. കേരള അഗ്രോ ഉൽപ്പന്ന വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ  ഉഷാ തമ്പി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി, കൽപ്പറ്റ നഗരസഭാ സ്ഥിരംസമിതി ചെയർപേഴ്സൺ സി കെ ശിവരാമൻ, ഹോർട്ടികോർപ്പ് ഡയറക്ടർ വിജയൻ ചെറുകര എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ് സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു സാറ എബ്രഹാം നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top