12 October Saturday

പാട്ടഭൂമിക്ക്‌ പട്ടയം
നൽകാൻ നടപടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024
തിരുവനന്തപുരം
നൂൽപ്പുഴ, നെന്മേനി, പൂതാടി, തിരുനെല്ലി പഞ്ചായത്തുകളിലെ  വനമേഖലകളിലുള്ള കൈവശക്കാർക്ക്‌ പട്ടയം നൽകുന്നതിനുള്ള നടപടി ആരംഭിച്ചതായി മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു.  വിഷയം പ്രത്യേകമായി പരിശോധിക്കാൻ  വനം, റവന്യു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരും.  ആയിരത്തിഇരുനൂറോളം  കുടുംബങ്ങൾ ഭൂമി കൈവശംവച്ചിട്ടുണ്ട്‌. 
രണ്ടാം ലോകമഹായുദ്ധകാലത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ നടപ്പാക്കിയ ‘ഗ്രോ മോർ ഫുഡ്' പദ്ധതിയുടെ ഭാഗമായി  കൃഷി ചെയ്യുന്നതിനാണ്  വനഭൂമി പാട്ടത്തിന് അനുവദിച്ചത്. കൃഷി ആവശ്യത്തിന് മാത്രമായ പാട്ടഭൂമി  ക്രയവിക്രയാവകാശവും പിന്തുടർച്ചാവകാശവുമില്ലാത്തതാണ്‌. 
 വയനാട് വന്യജീവി സങ്കേതത്തിലെ എടത്തന, കല്ലൂർ, കാട്ടിക്കുളം, കദ്രക്കോട്, കുപ്പാടി, കുറിച്യാട്, മാവിൻഹള്ള, നെന്മിയാട്, നൂൽപ്പുഴ, രാംപൂർ എന്നീ റിസർവുകളിൽപ്പെട്ട 385.9 ഹെക്ടറാണ്‌  സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകിയത്‌.  2003വരെ പാട്ടം പുതുക്കിയിട്ടുണ്ട്‌.  ഈ ഭൂമി വയനാട് വൈൽഡ് ലൈഫ് ഡിവിഷന്റെ മാനേജ്‌മെന്റ് പ്ലാനിൽ ഉൾപ്പെട്ടതും റവന്യു രേഖകളിൽ ‘വനഭൂമി' എന്ന് പരാമർശിക്കപ്പെട്ടിട്ടുള്ളതുമാണ്.
ഭൂമി കൈവശം വച്ചുവരുന്ന കർഷകരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇവരുടെ  പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമായി വനം, -റവന്യു വകുപ്പുകളുടെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഭൂമിയുടെ അതിർത്തികൾ നിർണയിച്ചിട്ടില്ല.  
നൂൽപ്പുഴ, കിടങ്ങനാട്, പുൽപ്പള്ളി, നടവയൽ വില്ലേജുകളിൽ  732 കൈവശ ഭൂമികളുണ്ട്‌. മാനന്തവാടി താലൂക്കിൽ 115- കുടുംബങ്ങൾ (തിരുനെല്ലി വില്ലേജിൽ സർവേ നമ്പർ 402, 450 എന്നിവയിലും തൃശിലേരി വില്ലേജിൽ സർവേ നമ്പർ 568-ലും) ഭൂമി കൈവശം വയ്‌ക്കുന്നുണ്ട്‌. 
റിപ്പോർട്ടുകൾ  സംസ്ഥാനതല വിദഗ്ധ സമിതിയിൽ ഹാജരാക്കി തുടർ നടപടി സ്വീകരിക്കുമെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎയെ മന്ത്രി രാജൻ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top