22 December Sunday

ആഘോഷമായി ‘വയനാട്‌ ഉത്സവ്‌’ മുന്നേറി വിനോദസഞ്ചാരം

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

വയനാട്‌ ഉത്സവ്‌ ന്റെ ഭാഗമായി എൻ ഊരിൽ കുറിച്യ സമുദായക്കാർ ഗോത്രപാട്ട്‌ അവതരിപ്പിക്കുന്നു

കൽപ്പറ്റ
കാറും കോളും നിറഞ്ഞ എട്ടുമാസങ്ങൾക്കിപ്പുറം ജില്ലയുടെ വിനോദസഞ്ചാരമേഖല "ഉത്സവ'ത്തിമിർപ്പിൽ. വന്യമൃഗശല്യവും ഉരുൾപൊട്ടൽ ദുരന്തവും കാലവർഷവുമെല്ലാം തീർത്ത പ്രതിസന്ധികൾ മറികടന്നാണ്‌ ടൂറിസം മേഖല അതിജീവനത്തിന്റെ പുതുപാത കണ്ടെത്തിയത്‌. 
"എന്റെ കേരളം എന്നും സുന്ദരം' ക്യാമ്പയിൻ,  ഇൻഫ്‌ളുവൻസേഴ്‌സ്‌ മീറ്റ്‌  എന്നിവക്ക്‌ പിന്നാലെ പ്രതിസന്ധി  മറികടക്കുന്നതിനായി  ജില്ലാ ഭരണസംവിധാനം, ടൂറിസം, ജലസേചന വകുപ്പുകളും  ചേർന്ന്‌ സംഘടിപ്പിച്ച  "വയനാട്‌ ഉത്സവ്‌' എത്തിയതോടെ ടൂറിസം മേഖല  ആവേശത്തിലായി.  കാരാപ്പുഴ അണക്കെട്ടിലും ലക്കിടി എൻ ഊര്‌ ഗോത്ര പൈതൃകഗ്രാമത്തിലും  സഞ്ചാരികളെ എത്തിക്കുന്നതിൽ  ‘വയനാട്‌ ഉത്സവ്‌’ നിർണായകമായി.  സാംസ്‌കാരിക പരിപാടികൾ, നാടൻ കലാമേള, ഗോത്ര ഫെസ്‌റ്റ്‌, ഫുഡ്‌ ഫെസ്‌റ്റ്‌, ട്രേഡ്‌ ഫെസ്‌റ്റ്‌,  കരകൗശല പ്രദർശനം തുടങ്ങിയ വിഭവങ്ങളാണ്‌ വയനാട്‌ ഉത്സവ്‌ സഞ്ചാരികൾക്ക്‌ സമ്മാനിക്കുന്നത്‌. സമൂഹമാധ്യമങ്ങളിലടക്കമുള്ള പ്രചാരണം ഫലം കണ്ടു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൂടുതൽ സഞ്ചാരികളെത്തി. 
കുറുവ ദ്വീപിലെ  ജീവനക്കാരൻ വി പി പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന്‌  ഫെബ്രുവരി 17ന്‌  ജില്ലയിലെ മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചതോടെയാണ്‌ ടൂറിസം മേഖല  പ്രതിസന്ധിയിലായത്‌. മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന്‌ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചതോടെ  വയനാട്‌ സുരക്ഷിതമല്ലെന്ന വ്യാജ സന്ദേശം പടർന്നു. ഒരുമാസത്തിനുള്ളിൽ ഡിടിപിസിക്ക്‌ കീഴിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നെങ്കിലും സഞ്ചാരികളെത്തിയില്ല. തുടർന്നാണ്‌  സർക്കാർ വിവിധ പ്രചാരണപരിപാടികൾ നടത്തി ടൂറിസം വീണ്ടും ട്രാക്കിലെത്തിച്ചത്‌.   ഹൈക്കോടതിയിൽ  ഫലപ്രദമായി ഇടപെട്ട്‌ ഇക്കോ ടൂറിസം കേന്ദ്രങ്ങളും തുറക്കാനുള്ള അനുമതി നേടി.  മുത്തങ്ങ, തോൽപ്പെട്ടി വന്യജീവി സങ്കേതങ്ങളിലെ സഫാരി  ഒരാഴ്‌ച മുമ്പ്‌ പുനരാരംഭിച്ചു. 15ന്‌ കുറവയും 21ന്‌ ചെമ്പ്രയും തുറക്കും.  മീൻമുട്ടിയും സൂചിപ്പാറയും തുറക്കാനും നടപടികളാകുകയാണ്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top