21 November Thursday

കള്ളം പിടിക്കപ്പെട്ടപ്പോൾ ലേലു അല്ലു ലേലു അല്ലു....

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024
കൽപ്പറ്റ
ഒടുവിൽ മേപ്പാടി പഞ്ചായത്ത്‌ ഏറ്റുപറഞ്ഞു, കിറ്റ്‌ വിതരണം വൈകിയെന്ന്‌. വിജിലൻസ്‌ അന്വേഷണത്തിൽ കള്ളം പിടിക്കപ്പെടുമെന്ന്‌ ഉറപ്പായതോടെയാണ്‌ കുറ്റസമ്മതം. തെളിവ്‌ സഹിതം വസ്‌തുതകൾ പുറത്തുവന്നതോടെ പിടിച്ചുനിൽക്കാനായില്ല. സർക്കാരിന്റെയും ജില്ലാ ഭരണസംവിധാനത്തിന്റെയും ചുമലിൽചാരി രക്ഷപ്പെടാൻ മാധ്യമങ്ങൾക്കുമുമ്പിൽ പറഞ്ഞ നുണകളെല്ലാം അഴിഞ്ഞുവീണു. യുഡിഎഫ്‌ ഭരണസമിതിയെ രക്ഷപ്പെടുത്താൻ ടി സിദ്ദിഖ്‌ എംഎൽഎ കെട്ടിയാടിയ നാടകങ്ങളും പൊളിഞ്ഞതോടെയാണ്‌ സത്യം തുറന്നുപറയേണ്ടിവന്നത്‌. ദുരന്തബാധിതരോടുള്ള യുഡിഎഫിന്റെ ക്രൂരത വെളിപ്പെടുന്നതായി ഏറ്റുപറച്ചിൽ. 
തിങ്കളാഴ്‌ച  പഞ്ചായത്ത്‌ ഭരണസമിതി കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ യഥാസമയം കിറ്റുകൾ വിതരണം ചെയ്യാനായില്ലെന്ന്‌ തുറന്നുപറഞ്ഞത്‌.  പഞ്ചായത്തിന് വീഴ്ചപറ്റിയില്ലെന്ന പത്രക്കുറിപ്പുമായി ആരംഭിച്ച വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യങ്ങളിൽ വസ്‌തുതകൾ നിഷേധിക്കാനായില്ല. 
ഓണത്തിനുമുമ്പ്‌ ലഭിച്ച ഭക്ഷ്യസാധനങ്ങളാണ്‌ കഴിഞ്ഞദിവസങ്ങളിൽ ദുരന്തബാധിതർക്ക്‌ നൽകിയതെന്ന്‌ സമ്മതിച്ചു. പ്രവർത്തനങ്ങളുടെ ബാഹുല്യത്താൽ കൃത്യമായി കിറ്റുവിതരണം നടത്താനായില്ല.  വിതരണത്തിന്‌ മുമ്പ്‌ സാധനങ്ങൾ കേടായിട്ടുണ്ടോയെന്ന്‌ പരിശോധിച്ചില്ലെന്ന്‌ ഭരണസമിതി അംഗങ്ങൾ പറഞ്ഞു.   മറ്റു തദ്ദേശസ്ഥാപനങ്ങളിൽ താമസിപ്പിച്ചിട്ടുള്ള ദുരന്തബാധിതർക്കായി സർക്കാർ നൽകിയ കിറ്റുകൾ  ആ തദ്ദേശസ്ഥാപനങ്ങൾ യഥാസമയം വിതരണംചെയ്‌തിരുന്നു. ലഭിച്ചത്‌ ഗുണമേന്മയുള്ള സാധനങ്ങളാണെന്നും ആറ്‌ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിനാണ്‌ മേപ്പാടിയിലെ വീഴ്‌ച  പ്രസിഡന്റ്‌ കെ ബാബു ഉൾപ്പെടെയുള്ള യുഡിഎഫ്‌ അംഗങ്ങൾക്ക്‌ സമ്മതിക്കേണ്ടിവന്നത്‌. 
കള്ളം പിടിക്കപ്പെട്ടപ്പോൾ വിതരണംചെയ്‌തത്‌ ഉദ്യോഗസ്ഥരാണെന്ന്‌ പറഞ്ഞ്‌ ഒഴിയാനും ശ്രമിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ബി നാസർ, രാജു ഹെജമാടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top