16 December Monday

മാനന്തവാടി നഗരസഭ ഭരണം രാജിവയ്‌ക്കണമെന്ന ഡിസിസി 
തീരുമാനം തള്ളി വൈസ്‌ ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

 

മാനന്തവാടി
നഗരസഭയിലെ വൈസ്‌ ചെയർമാൻ സ്ഥാനത്ത ചൊല്ലിയുള്ള കോൺഗ്രസ്‌ തർക്കം പുതിയ തലത്തിൽ. ഡിസിസിയുടെ തീരുമാനം അംഗീകരിക്കാത്ത വൈസ്‌ ചെയർമാൻ ജേക്കബ് സെബാസ്‌റ്റ്യനെ പാർടിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യണമെന്ന ആവശ്യമുയർത്താൻ എ ഗ്രൂപ്പ്‌ നീക്കം. 
 ഐ ഗ്രൂപ്പുകാരനായ ജേക്കബ്‌ സെബാസ്‌റ്റ്യൻ നവംബർ 30ന്‌ സ്ഥാനമൊഴിഞ്ഞ്‌  എ ഗ്രൂപ്പിലെ പി വി ജോർജിന്‌ വൈസ്‌ ചെയർമാൻ സ്ഥാനം നൽകണമെന്നായിരുന്നു കോൺഗ്രസ്‌ ധാരണ. എന്നാൽ സ്ഥാനം ഒഴിയാൻ ജേക്കബ്‌ തയ്യാറായില്ല. 
ഭരണം രണ്ടരവർഷം പിന്നിട്ടപ്പോൾ മുസ്ലിംലീഗിലെ പി വി എസ്‌ മൂസ സ്ഥാനം ഒഴിഞ്ഞാണ്‌ ജേക്കബ്‌ സെബാസ്‌റ്റ്യൻ വൈസ്‌ ചെയർമാനായത്‌. മുതിർന്ന നേതാവായ പി വി ജോർജും വൈസ്‌ ചെയർമാൻ സ്ഥാനത്തിന്‌ അവകാശവാദം ഉന്നയിച്ചു. ഭരണസമിതിയുടെ അവസാനത്തെ ഒരുവർഷം ജോർജിനെ ചെയർമാനാക്കാമെന്ന ധാരണയിലാണ്‌ തർക്കം പരിഹരിച്ചത്‌. 
 ഈ ധാരണ ജേക്കബ്‌ സെബാസ്‌റ്റ്യൻ അട്ടിമറിച്ചതായാണ്‌ എ ഗ്രൂപ്പിന്റെ ആക്ഷേപം. സ്ഥാനത്ത്‌ തുടരാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  ജേക്കബ്‌ ഡിസിസിക്ക്‌ കത്തുനൽകി. അനുകൂലിക്കുന്ന കൗൺസിലർമാരുടെ ഒപ്പ്‌  ശേഖരിച്ചായിരുന്നു കത്ത്‌ നൽകിയത്‌. എന്നാൽ ഡിസിസി ഇത്‌ അംഗീകരിച്ചില്ല. അഞ്ചിന്‌ ചേർന്ന ഡിസിസി ജനറൽ ബോഡി യോഗം ജേക്കബ്‌ സെബാസ്‌റ്റ്യനെ മാറ്റി പി വി ജോർജിനെ വൈസ്‌ ചെയർമാനാക്കാൻ തീരുമാനിച്ചു. സ്ഥാനം ഒഴിയാത്തതിനെ തുടർന്ന്‌ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ, ജേക്കബ്‌ സെബാസ്‌റ്റ്യനോട്‌ രാജിവയ്‌ക്കാൻ ആവശ്യപ്പെട്ട്‌ എട്ടിന്‌ കത്തുനൽകി. കത്ത്‌ ലഭിച്ച്‌ ദിവസങ്ങൾ കഴിഞ്ഞിട്ടും രാജിവയ്‌ക്കാത്തതിനാലാണ്‌ എ ഗ്രൂപ്പ്‌ തീരുമാനം കടുപ്പിക്കുന്നത്‌. ഗ്രൂപ്പ് വഴക്ക് രൂക്ഷമായതിനെ തുടർന്ന് നഗരസഭാ ഭരണവും സ്തംഭനാവസ്ഥയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി നിർവഹണത്തിൽ പിന്നിലായി. ലാപ്‌ടോപ്പ്, കട്ടിൽ, തയ്യിൽ മെഷീൻ വിതരണ പദ്ധതികളിൽ അഴിമതി ആരോപണം ഉയർന്നു. ഇന്റേണൽ വിജിലൻസ് വിഭാഗം പരിശോധന നടത്തി. ലോക്കൽ ഫണ്ട് ഓഡിറ്റിൽ വ്യാപക ക്രമക്കേട്‌ കണ്ടെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top