അമ്പലവയൽ
‘അപ്പൂസേ ശ്രുതിയെവിട്ട് പോവല്ലെഡാ... സഹിക്കാൻ പറ്റുന്നില്ല മോനേ. അവളോട് ഞങ്ങൾ എന്തു മറുപടി പറയും. ഞങ്ങളുടെ കണ്ണീരു കണ്ടെങ്കിലും നീ കണ്ണുതുറക്ക് മോനെ’–- ജെൻസന്റെ ചേതനയറ്റ ശരീരം ആണ്ടൂർ കുറിഞ്ഞിലകത്തെ വീട്ടിലെത്തിച്ചപ്പോൾ അമ്മ മേരിയുടെ നിലവിളി കണ്ടുനിന്നവരുടെയെല്ലാം ഉള്ളുലച്ചു.
ബത്തേരി താലൂക്ക് ആശുപത്രിയിൽനിന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം കൽപ്പറ്റ ലിയോ ആശുപത്രിയിലെത്തിച്ച മൃതദേഹം ശ്രുതിയെ കാണിച്ചശേഷമാണ് ആണ്ടൂരിലേക്ക് എത്തിച്ചത്. കുട്ടിക്കാലം മുതൽ കണ്ടുവളർന്ന ഉറ്റവരും നാട്ടുകാരും ദുരന്തത്തെ അതിജീവിച്ച ചൂരൽമലക്കാരുമെല്ലാം മൃതദേഹം പൊതുദർശനത്തിനുവച്ച ഗ്ലോറിസ് ഓഡിറ്റോറിയത്തിലേക്കും വീട്ടിലേക്കും ഒഴുകിയെത്തി. പരിചിതരല്ലെങ്കില്ലും ഉറ്റവരിലൊരാളാണ് ജെൻസനെന്ന് മനസ്സിലുറപ്പിച്ച് വിവിധ കോണുകളിൽനിന്ന് ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു.
ഉരുൾപൊട്ടിയിറങ്ങിയിട്ടും വിറങ്ങലിച്ചുനിൽക്കാതെ നാടിനെ കരകയറ്റാൻ മുന്നിട്ടിറങ്ങിയവർ പോലും ജെൻസന്റെ വെള്ളപുതച്ച ശരീരത്തിനുമുമ്പിൽ ഉള്ളുപൊട്ടി കണ്ണീർ തൂകി. മുണ്ടക്കൈ ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ ഒമ്പത് കുടുംബാംഗങ്ങൾ നഷ്‌ടമായ ശ്രുതിക്ക് പ്രതിശ്രുത വരൻ ജെൻസൻ കൂടെയുണ്ട് എന്നതായിരുന്നു ഏക ആശ്വാസം. രംഗബോധമില്ലാത്ത കോമാളിയായെത്തിയ വാഹനാപകടം ജെൻസനെ ശ്രുതിയിൽനിന്നും പറിച്ചെടുക്കുകയായിരുന്നു. ചൊവ്വാഴ്‌ച ജെൻസണും ശ്രുതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച ഒമ്‌നി വാൻ ബസുമായി കൂട്ടിയിടിച്ച് ജെൻസൻ അതീവ ഗുരുതരാവസ്ഥയിൽ ആയെങ്കിലും രക്ഷപ്പെടുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. ബുധൻ രാത്രി 8.55ന് മരണം സ്ഥിരീകരിച്ചപ്പോൾ ഉരുൾപൊട്ടലിനിപ്പുറം വീണ്ടും നാട് കണ്ണീരിലാഴ്‌ന്നു.
പത്തുവർഷത്തെ ഇരുവരുടെയും പ്രണയമാണ് ഉരുൾപൊട്ടലിന് ഒരുമാസം മുമ്പ് മതേതരമായൊരു കല്യാണനിശ്ചയത്തിലേക്ക് എത്തിയത്. ശ്രുതിയുടെ കുടുംബത്തിന്റെ ദീർഘകാല സ്വപ്‌നമായ വീടിന്റെ പാലുകാച്ചലും കല്യാണനിശ്ചയവും ഒരുമിച്ചായിരുന്നു. വീടുൾപ്പെടെ എല്ലാം ഉരുൾകൊണ്ടുപോയപ്പോൾ ഒരുമിച്ചുള്ള യാത്രയിലെ അപകടം ശ്രുതിയിൽ നിന്ന് ജെൻസനെയും കവർന്നു.
ഉറ്റവരുടെ മൃതദേഹങ്ങൾക്കരികിലും ദുരിതാശ്വാസ ക്യാമ്പിലുമെല്ലാം നിഴലായി കൂടെനിന്നപ്പോൾ ഞാനുണ്ട് കൂടെ എന്നതായിരുന്നു ശ്രുതിയോടുള്ള ജെൻസന്റെ വാക്ക്. ‘അവളുടെ കൂടെ ഞാനുണ്ടാകും. ഇനി എനിക്കെന്തെങ്കിലും പറ്റിയാൽ ഒറ്റക്കായെന്ന് അവൾക്കുതോന്നുമോ എന്നതുമാത്രമാണ് പേടി’– പുത്തുമലയിൽ ശ്രുതിയുടെ അമ്മ സബിതയുടെ കുഴിമാടത്തിനരികിൽനിന്ന് ജെൻസൻ പറഞ്ഞ വാക്കുകൾ ആണ്ടൂർ നിത്യസഹായമാത ദേവാലയത്തിലെ കുഴിമാടത്തിൽ ജെൻസൻ ഉറങ്ങുമ്പോഴും കാതുകളിൽ തുളച്ചുകയറുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..