അമ്പലവയൽ
ജെൻസന്റെ വിയോഗത്തിലൂടെ ആണ്ടൂരിന് നഷ്‌ടമാകുന്നത് എന്തു സഹായത്തിനും ഓടിയെത്തുന്ന യുവത്വത്തിന്റെ ചുറുചുറുക്കിനെ. ഡിവൈഎഫ്‌ഐ ആണ്ടൂർ യൂണിറ്റ് കമ്മിറ്റി അംഗമായ ജെൻസൻ രോഗികൾക്കും വേദനയനുഭവിക്കുന്നവർക്കുമെല്ലാം ആശ്രയമായിരുന്നു. എതു പാതിരാത്രിയിലും ഉറ്റവർക്കും നാട്ടുകാർക്കുമായി ഓടാൻ ജെൻസനും വണ്ടിയും തയ്യാറായിരിക്കും. വീടുകളോരോന്നും കയറി ആശുപത്രിയിൽ പൊതിച്ചോറെത്തിക്കാനും മറ്റു സന്നദ്ധ പ്രവർത്തനങ്ങളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു. കുറച്ചുകാലം ജോലിക്കായി എറണാകുളത്തുപോയതൊഴിച്ചാൽ ജനിച്ച നാടിന്റെ സ്പന്ദനങ്ങളിലോരോന്നിലും ജെൻസനുണ്ടായിരുന്നു. ചൂരൽമല ദുരന്തത്തിൽ കുടുംബമാകെ നഷ്‌ടമായ ശ്രുതിയെ ചേർത്തുപിടിച്ചപ്പോൾ ഉറ്റവരും നാട്ടുകാരും അഭിമാനിച്ചു. പ്രിയതമയുടെ കൂടെയുള്ള യാത്രക്കിടെ അപകടം കവർന്ന ജെൻസന്റെ വിയോഗത്തിന്റെ തീരാവേദനയിലാണ് നാട്.
ആണ്ടുർ ഗ്ലോറിസ് ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിലും കുറിഞ്ഞിലകത്തെ വീട്ടിലും ജെൻസന് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളെത്തി. പകൽ രണ്ടോടെയാണ് ഓഡിറ്റോറിയത്തിലേക്ക് മൃതദേഹം എത്തിച്ചത്. തുടർന്ന് വീട്ടിലെത്തിച്ചശേഷം വൈകിട്ട് 4.30ന് നിത്യസഹായമാതാ ദേവാലയത്തിൽ സംസ്‌കരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, കലക്ടർ ഡി ആർ മേഘശ്രീ, ടി സിദ്ധീഖ് എംഎൽഎ, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ സി റോസക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, വൈസ് പ്രസിഡന്റ് അമ്പിളി സുധി, ജില്ലാ പഞ്ചായത്ത് അംഗം സീതാവിജയൻ, അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത്, വൈസ് പ്രസിഡന്റ് കെ ഷമീർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..