22 December Sunday

വയനാടിനെ തൊട്ടറിഞ്ഞ യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

ഡിവൈഎഫ്‌ഐ കൽപ്പറ്റയിൽ സംഘടിപ്പിച്ച സ്‌നേഹ ജ്വാലയിൽ പങ്കെടുക്കാനെത്തിയ സീതാറാം യെച്ചൂരി ജില്ലയിലെ മുതിർന്ന നേതാക്കളായിരുന്ന പി എ മുഹമ്മദ്‌, പി വി വർഗീസ്‌ വൈദ്യർ എന്നിവർക്കൊപ്പം (ഫയൽചിത്രം)

 

കൽപ്പറ്റ
വിടവാങ്ങിയത് വയനാടിനെ തൊട്ടറിഞ്ഞ സിപിഐ എം ജനറൽ സെക്രട്ടറി. ജില്ലയുടെ കാർഷിക, ടൂറിസം, വന്യമൃഗപ്രശ്നങ്ങളിൽ ദേശീയതലത്തിൽ ഇടപെട്ട നേതാവായിരുന്നു സീതാറാം യെച്ചൂരി. പലതവണ ജില്ല സന്ദർശിച്ചു. രാജ്യസഭാംഗമായിരിക്കെ വയനാടിന്റെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചു. വിനോദസഞ്ചാരം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരിക്കെ ജില്ലയുടെ ടൂറിസം സാധ്യത രാജ്യത്തിന് മുമ്പിൽ കൊണ്ടുവന്നു. ഇവിടുത്തെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചതിന്റെ അനുഭവത്തിലായിരുന്നു റിപ്പോർട്ട് തയ്യാറാക്കിയത്.
2019 ഏപ്രിൽ 18ന് ആണ് ഒടുവിൽ ജില്ലയിലെത്തിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി പി സുനീറിന്റെ പ്രചാരണാർഥം ബത്തേരിയിൽ പൊതുയോഗത്തിലും റോഡ് ഷോയിലും പങ്കെടുത്തു. ജില്ലയുടെ കാർഷിക പ്രശ്നങ്ങളിൽ ആഴത്തിൽ അവബോധമുണ്ടായിരുന്നു. കൃഷിനാശത്തിലും കടക്കെണിയിലും വയനാട് കർഷകരുടെ ശവപ്പറമ്പായ 2002–-2005 കാലഘട്ടത്തിൽ പ്രശ്നങ്ങൾ പഠിക്കാനെത്തി. 
വരൾച്ചാ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് വിഷയം രാജ്യശ്രദ്ധയിൽ കൊണ്ടുവന്നു. പിന്നീട് കേരളത്തിൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ കാർഷിക കടാശ്വാസ കമീഷൻ രൂപീകരിച്ചത് യെച്ചൂരിയുടെകൂടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. കടാശ്വാസ കമീഷൻ നിലവിൽ വരികയും കർഷകരുടെ ബാധ്യത ഏറ്റെടുക്കുകയുംചെയ്തതോടെ കർഷക ആത്മഹത്യ അവസാനിച്ചു.
2005ൽ യെച്ചൂരി രാജ്യസഭാംഗമായി രാജ്യത്തെ കാർഷിക പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുമ്പോഴെല്ലാം വയനാടിന്റെ സാഹചര്യം ചൂണ്ടിക്കാണിച്ചായിരുന്നു പ്രസംഗം. ഇതിന്റെ നേട്ടവും കടാശ്വാസ പദ്ധതികളായി ജില്ലയിലുൾപ്പെടെയുള്ള കർഷകർക്ക് ലഭിച്ചു. അഖിലേന്ത്യകിസാൻ സഭ 2005ൽ കൽപ്പറ്റയിൽ സംഘടിപ്പിച്ച കാർഷിക സെമിനാറിൽ മുഖ്യ വിഷയാവതാരകരിൽ ഒരാളായിരുന്നു. നിരവധി ദേശീയ നേതാക്കൾ പങ്കെടുത്ത സെമിനാർ കേരളത്തിലെ കാർഷിക പ്രതിസന്ധിയുടെ ആഴം വെളിവാക്കി.
2017 ഒക്ടോബറിലും കാർഷിക സെമിനാറിനായി ജില്ലയിൽ എത്തി. കാർഷിക പ്രതിസന്ധി ഇന്ത്യയിൽ എന്നതായിരുന്നു വിഷയം. രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരത്തിനുള്ള  മാർഗങ്ങളും വിശദീകരിച്ചു. നടവയലിലെ കെ ജെ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ഡോ. ജോസ് ജോർജിന്റെ പുസ്തകം പ്രകാശിപ്പിച്ചു. കൽപ്പറ്റയിൽ സിപിഐ എം പൊതുയോഗത്തിലും പങ്കെടുത്താണ് മടങ്ങിയത്. കുടംബശ്രീയുടെ പരിപാടിയിലും പങ്കാളിയായി.
വർഗീതക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ യെച്ചൂരി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായിരിക്കെ കൽപ്പറ്റയിൽ ഡിവൈഎഫ്ഐ വർഗീയതക്കെതിരെ സംഘടിപ്പിച്ച സ്നേഹജ്വാല ഉദ്ഘാടനംചെയ്തു. ജില്ലയിൽ യെച്ചൂരിയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. വയനാട്ടിലെ നേതാക്കളുമായി അടുത്ത വ്യക്തിബന്ധവും പുലർത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top