കൽപ്പറ്റ
ആറുമാസത്തെ ഇടവേളയ്‌ക്കുശേഷം ജില്ലയിലെ വോട്ടർമാർ ബുധനാഴ്‌ച പോളിങ് ബൂത്തുകളിലേക്ക് എത്തും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽഗാന്ധി മണ്ഡലം ഉപേക്ഷിച്ച് അടിച്ചേൽപ്പിച്ച ഉപതെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായാണ് ബൂത്തുകളിലെത്തുക. വീണ്ടും തെരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടതിന്റെ പ്രതികരണം വോട്ടർമാരിലുണ്ടാകും.
ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 6,41,179 വോട്ടർമാരാണുള്ളത്. കൽപ്പറ്റ –-2,10,760, ബത്തേരി–- 2,27,489, മാനന്തവാടി–- 2,02,930. 578 ബൂത്തുകളാണുള്ളത്.
തെരഞ്ഞെടുപ്പിന് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തർസംസ്ഥാന സേനയും അന്തർജില്ലാ സേനയും സുരക്ഷയ്ക്കുണ്ട്. സംസ്ഥാന, ജില്ലാ അതിർത്തികളിൽ പൊലീസ് പരിശോധനയുണ്ട്. സ്‌ട്രോങ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എൻസിസി, എസ്‌പിസി തുടങ്ങി 2700 പൊലീസ് അധികസേനയുമുണ്ടാകും. ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് മണ്ഡലത്തിലാകെ 54 മൈക്രോ ഒബ്സർവർ, 578 പ്രിസൈഡിങ് ഓഫീസർ, 578 സെക്കൻഡ് പോളിങ് ഓഫീസർ, 1156 പോളിങ് ഓഫീസർമാരുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..