കൽപ്പറ്റ
ആരവങ്ങളും ആർപ്പുവിളികളുമായി അണ്ടർ 20 സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം. നിറഞ്ഞ ഗ്യാലറിയിൽ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കോഴിക്കോട് പത്തനംതിട്ടയെ കീഴടക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കോഴിക്കോടിന്റെ വിജയം. ആദ്യ പകുതിയുടെ തുടക്കത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനം കാഴ്‌ചവച്ചെങ്കിലും കളി പുരോഗമിച്ചതോടെ കോഴിക്കോട് കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്തു. ആദ്യ പകുതിയിൽതന്നെ കോഴിക്കോട് മൂന്ന് ഗോളുകളും നേടി. 14–-ാം മിനിറ്റിൽ കോഴിക്കോടിന്റെ പ്രതിരോധതാരം അർജുൻ ഇ ഉല്ലാസ് ഒറ്റക്കുള്ള നീക്കത്തിലൂടെ പത്തനംതിട്ട പ്രതിരോധക്കാരെ കബളിപ്പിച്ച് ഗോൾവല കുലുക്കി. പത്തനംതിട്ടയുടെ ഞെട്ടൽ മാറുംമുമ്പ് 16–-ാം മിനിറ്റിൽ മുന്നേറ്റ താരം കെ എൻ നിരഞ്ജനിലൂടെ കോഴിക്കോട് രണ്ടാമത്തെ ഗോളും നേടി. ആദ്യപകുതിയുടെ അധികസമയത്തിൽ മുഹമ്മദ് അമീൻ കോഴിക്കോടിനായി മൂന്നാമത്തെ ഗോളും നേടി. വലത് വിങ്ങിൽനിന്ന് എം അനജ് ഉയർത്തിനൽകിയ പന്ത് ഹെഡറിലൂടെ അമീൻ വലയിലെത്തിച്ചു. 68–-ാം മിനിറ്റിൽ പത്തനംതിട്ടയുടെ പ്രതിരോധ താരം മുഹമ്മദ് ആദിലാണ് പത്തനംതിട്ടക്കായി ആശ്വാസ ഗോൾ നേടിയത്.
ചാമ്പ്യൻഷിപ്പ് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു, ടി സിദ്ദിഖ് എംഎൽഎ, എം വി ശ്രേയാംസ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ നഗരസഭാ ചെയർമാൻ ടി ജെ ഐസക്ക്, എം വി ബാബു എന്നിവർ സംസാരിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ റഫീഖ് സ്വാഗതവും സെക്രട്ടറി ബിനു തോമസ് നന്ദിയും പറഞ്ഞു. വെള്ളിയാഴ്‌ച ആദ്യ മത്സരത്തിൽ കണ്ണൂർ ഇടുക്കിയെയും രണ്ടാം മത്സരത്തിൽ പാലക്കാട് കോഴിക്കോടിനെയും നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..