കൽപ്പറ്റ
കേന്ദ്ര അവഗണനയിലും മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ. ദുരിതബാധിതരുടെ അതിജീവനത്തിനും ഉപജീവനത്തിനുമായി തയ്യാറാക്കിയ മൈക്രോപ്ലാൻ പദ്ധതികൾ തുടങ്ങി. മേപ്പാടിയിൽ പ്രവർത്തനം മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനംചെയ്‌തു. ദുരന്തം നേരിട്ട് ബാധിച്ച 1084 കുടുംബങ്ങളുടെ അതിജീവനത്തിനുള്ള പദ്ധതികളാണുള്ളത്.
കുടുംബശ്രീയുടെ നേതൃത്വത്തിലാണ് മൈക്രോപ്ലാൻ തയ്യാറാക്കിയത്. വിവിധ വകുപ്പുകൾ ചേർന്ന് നടപ്പാക്കും. കുടുംബശ്രീ, വ്യവസായവകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ പ്രകാരമുള്ള സഹായം മന്ത്രിമാരായ എം ബി രാജേഷ്, ഒ ആർ കേളു, ടി സിദ്ധിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവർ വിതരണംചെയ്‌തു. കുടുംബശ്രീ പദ്ധതികളുടെ ഭാഗമായി 47. 92 ലക്ഷം രൂപയുടെ ചെക്കും ഗുണഭോക്താക്കൾക്ക് നൽകി.
ദുരന്തബാധിതർ, കുടുംബശ്രീ അംഗങ്ങൾ, വിവിധ വകുപ്പതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെല്ലാം ചടങ്ങിൽ പങ്കെടുത്തു. മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. തദ്ദേശവകുപ്പ് സെക്രട്ടറി ടി വി അനുപമ, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എസ് സാംബശിവ റാവു, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, സിഡിഎസ് ചെയർപേഴ്‌സൺ ബീന പ്രഭാകരൻ എന്നിവർ സംസാരിച്ചു. കലക്ടർ ഡി ആർ മേഘശ്രീ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
ഓരോ കുടുംബത്തിനും അതിജീവന പദ്ധതി
കൽപ്പറ്റ
മഹാദുരന്തത്തിന് ഇരകളായവരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ മൈക്രോപ്ലാൻ അതിജീവനത്തിന്റെ മാതൃകയാകും. 1084 കുടുംബങ്ങളിലെ 4636 പേരെയാണ് ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചത്. ഈ കുടുംബങ്ങളുടെ അതിജീവനത്തിനുള്ള പദ്ധതികളാണ് മൈക്രോപ്ലാനിലുള്ളത്. ദുരന്തബാധിതരെ നേരിൽക്കണ്ടും വിവിധ വകുപ്പുകളെയും തദ്ദേശസ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുമാണ് കുടുംബശ്രീ മിഷൻ സൂക്ഷ്മതല പദ്ധതി തയ്യാറാക്കിയത്. രാജ്യത്തുതന്നെ ആദ്യമായാണ് ദുരന്ത പുനരധിവാസത്തിനായി മൈക്രോപ്ലാൻ. ഓരോ കുടുംബത്തിന്റെയും നിലവിലെ സാഹചര്യങ്ങളും പ്രതിസന്ധികളും ആവശ്യങ്ങളും പഠനവിധേയമാക്കിയാണ് പദ്ധതി. ദുരന്തബാധിതർ നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരവും ഇടപെടലുകളും ആവശ്യമായ ചെലവും സമയവുമെല്ലാം പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യങ്ങൾ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ഉപജീവനം, നൈപുണി വികസനം, മാനസിക, സാമൂഹിക പരിരക്ഷ തുടങ്ങിയ വിഭാഗങ്ങളായി തിരിച്ച് സൂക്ഷ്മതലത്തിൽ വിലയിരുത്തി. ഹ്രസ്വകാലം, ഇടക്കാലം, ദീർഘകാലം എന്നിങ്ങനെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനാവശ്യമായ അതിജീവന, ഉപജീവന ആവശ്യങ്ങൾ മൈക്രോപ്ലാനിലൂടെ നിറവേറ്റും.
തദ്ദേശസ്ഥാപനങ്ങളുടെ യോഗം ചേരും
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 1084 കുടുംബ മൈക്രോ പ്ലാനുകളാണ് കൈമാറിയത്. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ദുരന്തബാധിത കുടുംബങ്ങൾ നിലവിൽ താമസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ യോഗം കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന് മൈക്രോപ്ലാനിലെ വിവരങ്ങളും ഭാവിപരിപാടികളും വിശദീകരിക്കും. എത്രയുംവേഗം ഉപജീവന മാർഗങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അടിയന്തര പ്രാധാന്യം. സമയബന്ധിതമായി പദ്ധതി നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും പദ്ധതി നിർവഹണ യൂണിറ്റും തുടങ്ങും.
അയൽക്കൂട്ടങ്ങൾ
പുനരുജ്ജീവിപ്പിക്കും
ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ കുടുംബശ്രീ സമഗ്ര കർമപദ്ധതി തയ്യാറാക്കി. ടൗൺഷിപ്പ് പൂർത്തിയാകുന്നതുവരെ ഓൺലൈനായും ഓഫ്‌ലൈനായും അയൽക്കൂട്ടയോഗങ്ങൾ ചേരും. എല്ലാ മാസത്തിലും എഡിഎസ് തലത്തിൽ ക്ലസ്റ്റർ സംഗമം നടത്തും. സാമൂഹിക, മാനസിക കൗൺസലിങ് ജെൻഡർ ടീം സഹായത്തോടെ തുടരും. അയൽക്കൂട്ട അംഗങ്ങൾക്ക് പ്രത്യേക വായ്പാ പദ്ധതി ഏർപ്പെടുത്തും. ജീവൻ ദീപം, ഒരുമ ഇൻഷുറൻസ്, മുണ്ടക്കൈ വാർഡിലെ അയൽക്കൂട്ടങ്ങൾക്ക് ഒന്നര ലക്ഷംരൂപ ദുരന്ത ലഘൂകരണ ഫണ്ട് നൽകൽ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് കുടുംബശ്രീ പദ്ധതി തയ്യാറാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..