18 November Monday

പട്ടികവർഗക്കാർക്കുള്ള ഓണസമ്മാനം
വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

പട്ടികവർഗ വിഭാഗക്കാർക്കുള്ള ഓണസമ്മാനം വിതരണം മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യുന്നു

തിരുനെല്ലി
പട്ടികവർഗ വിഭാഗത്തിൽ 60 വയസ്സ്‌ പിന്നിട്ടവർക്ക്‌  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ ഓണസമ്മാനമായി ആയിരം രൂപ വീതം നൽകുന്നതിന്റെ  സംസ്ഥാന ഉദ്‌ഘാടനം തിരുനെല്ലിയിൽ നടന്നു.   തിരുനെല്ലി പ്ലാമൂല നഗറിൽ   മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്തു.  
 60 വയസ്സ്‌ തികഞ്ഞ പട്ടികവർഗ വിഭാഗക്കാർക്ക്  ആയിരം രൂപ വീതം നൽകുന്നതിലൂടെ ആദിവാസി വിഭാഗക്കാരെ ചേർത്തുപിടിക്കുകയാണ് സർക്കാരെന്നും ഓണദിനങ്ങളിൽ ആദിവാസി മേഖലകളിൽ പണ്ടുണ്ടായിരുന്ന പ്രതിസന്ധി ഇന്നുണ്ടാകാൻ പാടില്ല എന്ന കാഴ്ചപ്പാടിൽനിന്നാണ് ഓണക്കിറ്റിന് പുറമേ  1000 രൂപ വീതം നൽകുന്നതെന്നും  മന്ത്രി  പറഞ്ഞു.   
 പ്ലാമൂല നഗറിലെ 73 വയസ്സുള്ള പൊന്തൻ, കാളി, യോഗി, നെല്ലി, സോമൻ ഉൾപ്പെടെ ഒമ്പത്‌ പേർക്ക് മന്ത്രി 1000 രൂപ വീതം കൈമാറി.  
സംസ്ഥാനത്ത്‌ 55,506 പേർക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1000 രൂപ വീതം സഹായം നൽകുന്നത്. കൽപ്പറ്റ ഐടിഡിപിക്ക്‌ കീഴിൽ 4104 പേർക്കും  ബത്തേരി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിൽ 6044 പേർക്കും മാനന്തവാടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ കീഴിൽ 6070 പേർക്കുമാണ് ഓണസമ്മാനം ലഭിക്കുക.  
  തിരുനെല്ലി  പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എം കെ രാധാകൃഷ്ണൻ അധ്യക്ഷനായി.  പഞ്ചായത്ത് അംഗം ബേബി, വെള്ളമുണ്ട പഞ്ചായത്ത് അംഗം പി ജെ  തോമസ്, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം കെ രാമചന്ദ്രൻ, മാനന്തവാടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ ബി സി അയ്യപ്പൻ, കാട്ടിക്കുളം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ബാബു എം പ്രസാദ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top