കൽപ്പറ്റ
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ സ്ഥിരം പുനരധിവാസത്തിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി അന്തിമഘട്ടത്തിൽ. 29 സ്ഥലങ്ങൾ പരിശോധിച്ചതിൽ രണ്ടെണ്ണമാണ് അവസാന പട്ടികയിൽ. കൽപ്പറ്റ നഗരസഭയിലും മൂപ്പൈനാട് പഞ്ചായത്തിലുമാണ് ഈ ഭൂമി. ഏതുവേണമെന്ന സർക്കാർ തീരുമാനം ഉടനുണ്ടാകും. കൽപ്പറ്റയിലെ സ്ഥലത്തിനാണ് സാധ്യത കൂടുതൽ. തീരുമാനമായാൽ ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേക്ക് നീങ്ങും.
പുനരധിവാസത്തിന് പരിഗണിക്കുന്ന പ്രദേശങ്ങൾ സർക്കാർ നിശ്ചയിച്ച ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം പരിശോധിച്ചു. അനുയോജ്യമായ ഒമ്പതെണ്ണത്തിന്റെ പട്ടിക നൽകി. വിവിധ സർക്കാർ വകുപ്പുകളും ഈ ഭൂമിയിൽ പഠനം നടത്തി. തുടർന്ന് ജില്ലാ അധികൃതർ സർക്കാരിന് റിപ്പോർട്ടും സ്ഥലങ്ങളുടെ പട്ടികയും കൈമാറി. സർവകക്ഷി നേതാക്കളുൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയാണ് രണ്ട് സ്ഥലങ്ങൾ സർക്കാർ നിർണയിച്ചത്.
ദുരന്തബാധിതരെ ഒരുമിച്ച് പുനരധിവസിപ്പിക്കണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്. ഇതിനനുസരിച്ചുള്ള പദ്ധതികളാണ് ആസൂത്രണംചെയ്യുന്നത്. ടൗൺഷിപ്പ് ഉൾപ്പെടെയാണ് വിഭാവനം ചെയ്യുന്നത്. ഒരേ മാതൃകയിൽ ഒറ്റനിലവീട് നിർമിച്ച് നൽകാനാണ് തീരുമാനം. ആയിരം ചതുരശ്ര അടിയിലുള്ള വീടുകളാകും നിർമിക്കുക. ഭാവിയിൽ രണ്ടാമത്തെനിലകൂടി കെട്ടാനുള്ള ഉറപ്പോടുകൂടി അടിത്തറ പണിയും. മികച്ച പുനരധിവാസമാണ് ലക്ഷ്യം. എത്രയും വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ദുരന്തബാധിതർക്കുള്ള ധനസഹായ വിതരണവും പൂർത്തിയാകുകയാണ്. അർഹരായ ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ കണ്ടെത്താൻ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ മേപ്പാടിയിൽ അദാലത്ത് സംഘടിപ്പിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപയുൾപ്പെടെയുള്ള സഹായമാണ് നൽകുന്നത്. അടിയന്തര ധനസഹായമായി പതിനായിരം, ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പതിനായിരം, ഉപജീവനത്തിനായി കുടുംബത്തിലെ രണ്ടുപേർക്ക് 300 രൂപ വീതം ഒരുമാസത്തേക്കും താൽക്കാലികമായി താമസിപ്പിച്ചവർക്ക് മാസം ആറായിരം രൂപവീതം വീട്ടുവാടകയുമാണ് നൽകുന്നത്. ദുരന്തത്തിൽ പരിക്കേറ്റവർക്കും സഹായം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..