കൽപ്പറ്റ
വിനോദസഞ്ചാര മേഖലയിലെ അതീജീവനക്കുതിപ്പിന് വേഗംപകർന്ന് ജില്ലയിൽ സഞ്ചാരികളുടെ തിരക്ക്. ഉരുൾ ദുരന്തത്തിനിപ്പുറം ആളനക്കമില്ലാതെ പകിട്ട് കുറഞ്ഞ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെല്ലാം പൂജ അവധി ദിനങ്ങളിൽ പതിനായിരങ്ങളെത്തി. വിദേശികളെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയുമെല്ലാം ആകർഷിക്കാൻ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന വിവിധ ക്യാമ്പയിനുകൾ നിർണായകമായി.
കർണാടക, തമിഴ്‌നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ് കൂടുതൽപേരെത്തിയത്. മഹാനവമി, വിജയദശമി അവധികൾ മുൻകൂട്ടി കണ്ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ ഒരുക്കിയ ‘വയനാട് ഉത്സവ്’ കാരാപ്പുഴ, ബാണാസുര അണക്കെട്ടുകളിലും എൻ ഊരിലും സഞ്ചാരികളെ നിറച്ചു. രണ്ടുമുതൽ 13വരെ നടന്ന ഉത്സവത്തിൽ എൻ ഊരിൽ 12,022 പേരും കാരാപ്പുഴയിൽ 25,137 പേരുമെത്തി. പൂജ അവധി ദിവസങ്ങളായ 11,12,13 തീയതികളിലാണ് കൂടുതൽ പേരെത്തിയത്. ഈദിവസങ്ങളിൽ എൻ ഊരിൽ 5396 പേരും കാരാപ്പുഴയിൽ 11,725 പേരുമെത്തി. ബാണാസുരയിൽ 12,13 ദിവസങ്ങളിലായിരുന്നു പ്രത്യേക ക്യാമ്പയിൻ. രണ്ടുദിവസങ്ങളിൽ മാത്രം
..................പേരാണ് ഇവിടെയെത്തിയത്.
വയനാട് ഉത്സവിന്റെ ഭാഗമായി സാധാരണ പ്രവർത്തന സമയത്തിന് പുറമെ സായാഹ്നങ്ങളിൽ കൂടുതൽ കലാപ്രകടനങ്ങളും ഭക്ഷ്യമേളയുമെല്ലാം ഒരുക്കി. ദീപാലങ്കാരത്തിൽ പൊതിഞ്ഞ ആഘോഷ സായാഹ്നംതീർത്താണ് സഞ്ചാരികളെ നിറച്ചത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണർന്നതോടെ പ്രതിസന്ധി നേരിട്ടിരുന്ന ഭൂരിഭാഗം റിസോർട്ടുകളും അനുബന്ധമേഖലയും വീണ്ടും സജീവമായി. കോവിഡിനോട് അനുബന്ധിച്ചുണ്ടായ ലോക്ക്‌ഡൗണിന് ശേഷം സീസണിലുപരി എല്ലാ സമയത്തും ജില്ലയിലെ വിനോദസഞ്ചാര മേഖല സഞ്ചാരികളാൽ സജീവമായിരുന്നു. ഉരുൾ ദുരന്തത്തിന് മുമ്പുണ്ടായിരുന്ന ടൂറിസം കുതിപ്പ് പ്രത്യേക ക്യാമ്പയിനുകളുടെ നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..