24 November Sunday

മനോഹരമീ മലമുകൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

മൈലാടിപാറ

കൽപ്പറ്റ
ആകാശം നിറയെ കോടമഞ്ഞിന്റെ കടൽ,  ചുംബിക്കാൻ മത്സരിക്കുന്ന മലനിരകൾ. കൽപ്പറ്റ നഗരഹൃദയത്തിൽ ഈ  അത്ഭുതവുമായി മൈലാടിപാറ  സഞ്ചാരികളെ വിളിക്കുകയാണ്‌.   മലനിരകൾക്കപ്പുറത്തേക്ക്‌ മായുന്ന സൂര്യാസ്തമയത്തിന്റെ മനോഹാരിത.  മലമുകളിൽനിന്നുള്ള നഗരക്കാഴ്‌ച.  കാണാക്കാഴ്‌ചകൾ സമ്മാനിച്ച്‌ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി   സജീവമാകുകയാണ്‌ മൈലാടിപാറ.
 പച്ചവിരിച്ച മലനിരകൾക്ക്‌ നടുവിലെ നഗരസൗന്ദര്യം ഒരു കൈക്കുമ്പിളിലെന്നപോലെയാണ്‌ മൈലാടിപാറ കൺമുമ്പിലെത്തിക്കുന്നത്‌. അർധഗോളാകൃതിയിലുള്ള പാറക്കെട്ടും മുകളിലെ ജൈനക്ഷേത്രവും നഗരത്തിന്റെ ഏതുദിക്കിൽനിന്നും ദൃശ്യമാണ്‌.  വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിയിട്ടില്ലെങ്കിലും ചന്ദ്രനാഥസ്വാമി ജയിൻ ക്ഷേത്രത്തിന്റെ തീർഥാടനഭൂമി സഞ്ചാരികളാൽ നിറയുകയാണ്‌. 
ക്ഷേത്രദർശനത്തിനായി മലകയറുന്നവർക്ക്‌ പുറമെ നൂറുകണക്കിന്‌ സഞ്ചാരികളാണ്‌ ഇവിടെയെത്തുന്നത്‌. നഗരത്തിരക്കിൽനിന്നൊഴിഞ്ഞ്‌ മലമുകളിലെ കാറ്റുകൊണ്ട്‌ സൊറപറഞ്ഞിരിക്കാനെത്തുന്നവരും ചുരുക്കമല്ല. കൽപ്പറ്റ ബൈപാസിൽനിന്ന്‌ തിരിഞ്ഞ്‌ കാൽനടയായാണ്‌ മലകയറ്റം. 
മാർച്ച്‌ വരെ സൗജന്യമായി സന്ദർശനാനുമതി ഉണ്ടായിരുന്നു. ക്ഷേത്രപരിസരത്തിന്റെ സംരക്ഷണ ചെലവിനായി ഇപ്പോൾ ഒരാളിൽനിന്ന്‌ 20 രൂപ ഈടാക്കുന്നുണ്ട്‌. ചന്ദ്രനാഥസ്വാമി ജയിൻ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ്‌ പരിപാലനം. വിപുലമായ വിനോദോപാധികൾ ഒരുക്കുന്നത്‌ ആലോചനയിലില്ലെങ്കിലും പൈതൃകം നിലനിർത്തി സംരക്ഷിക്കണമെന്നാണ്‌ ട്രസ്റ്റിന്റെ ലക്ഷ്യം. ബൊട്ടാണിക്കൽ ഗാർഡൻ ഉൾപ്പെടെ ഒരുക്കാനുള്ള ആലോചനയുണ്ടെന്ന്‌ ട്രസ്റ്റ്‌ ഭാരവാഹികൾ പറഞ്ഞു.  
 
യുവതയുടെ 
ഇഷ്‌ടകേന്ദ്രം
സമൂഹമാധ്യമങ്ങളിൽ യുവതയുടെ ‘ട്രെന്റിങ് സ്‌പോട്ട്‌’ ആണിന്ന്‌ മൈലാടിപാറ. പാറകെട്ടിന്‌ മുകളിലെ   മരത്തണലും സമീപത്തെ വെള്ളക്കെട്ടുമാണ്‌ പ്രധാന ‘ഫോട്ടോ സ്‌പോട്ട്‌’. റീൽസ്‌ പകർത്തുന്നതിനും ഫോട്ടോ ഷൂട്ടിനുമെല്ലാം നിരവധിപേരാണ്‌ എത്തുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top