22 December Sunday

പൂക്കളുടെ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

അത്തിച്ചാലിലെ വീട്ടിൽ പൂക്കൾക്കരികെ എൻ പി കുഞ്ഞുമോൾ.

പറക്കാനാവാത്ത ചിത്രശലഭങ്ങളാണ് പൂക്കൾ. പുഷ്പഭംഗി വിവരിക്കാൻ ഈ ഭൂമിയിലെ ഏത് ഭാഷയും ദുർബലമാണ്. ഓരോ പൂവും ഓരോ ലോകമാണ്. നമ്മെ ആർദ്രമാക്കുന്ന, കൂടുതൽ മനുഷ്യരാക്കുന്ന, പിന്നെയും പിന്നെയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഓരോ പൂവിലുമണ്ട്.
 (പൂക്കളുടെ പുസ്തകം–- എം സ്വരാജ് )
പുഷ്പഭംഗിയോടെ ചിരിച്ച് കുഞ്ഞുമോൾ എപ്പോഴും മനുഷ്യരുടെ ഇടയിലാണ്. ചിന്ത മുഴുവൻ അവരെ കുറിച്ചാണ്. നാടിന്റെ  സ്വപ്നങ്ങൾ സഫലമാക്കാനുള്ള പോരാട്ടത്തിന് നേതൃത്വംനൽകി കമ്യൂണിസ്റ്റ് പാർടിയുടെ ഏരിയാ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴും പൂക്കളെ ചേർത്തുപിടിക്കുന്നുണ്ട്.  പൊതുപ്രവർത്തനത്തിൽ പൂന്തോട്ടമൊരുക്കാൻ സമയം എപ്പോഴെന്ന്‌  ചോദിച്ചാൽ  മുല്ലമൊട്ടു വിരിയുംപോലെ പുഞ്ചിരിവിടരും.
അമ്പലവയൽ അത്തിച്ചാലെത്തിയാൽ പൂക്കൾക്ക് നടുവിലെ ‘മറ്റത്തിൽ’ വീടുകാണാം. ഓടുമേഞ്ഞ പഴയ വീടിനുചുറ്റും സുഗന്ധം പരത്തി നൂറുകണക്കിന് പൂക്കൾ ചിരിക്കുന്നുണ്ട്‌. എല്ലാം സിപിഐ എം  മീനങ്ങാടി ഏരിയാ സെക്രട്ടറി എൻ പി കുഞ്ഞുമോളുടെ വർഷങ്ങളുടെ അധ്വാനമാണ്. പൂക്കളോട് ചെറുപ്പത്തിൽ കൂട്ടുകൂടിയതാണ്. കുടുബനാഥയും പിന്നീട് പൊതുപ്രവർത്തകയും ആയപ്പോഴും പൂവിനോടും ചെടികളോടുമുള്ള ഇഷ്ടം വിട്ടില്ല. ജനപ്രതിനിധിയായി നാട് നിറഞ്ഞപ്പോഴും പൂക്കളെ സ്നേഹിച്ചു. വീടിനുചുറ്റും പൂന്തോട്ടം ഒരുക്കി. അഞ്ഞൂറിലധികം ചെടികൾ വരാന്തയിലും മുറ്റത്തുമെല്ലാം വിരിഞ്ഞ് പരിലസിക്കുന്നുണ്ട്.  പൊതുപ്രവർത്തനത്തിന്റെ തിരക്കിലമരുംമുമ്പ്‌  അതിരാവിലെയും രാത്രിയുമാണ് ഉദ്യാന പരിചരണം. രാത്രി എത്ര വൈകിയാലും ചെടികളുടെ അരികിലെത്തി തലോടും. വെള്ളമൊഴിക്കും. വളമിടും. പൂക്കളുടെ അരികിലിരിക്കാൻ ഊണും ഉറക്കവുമൊന്നും തടസ്സമാകില്ല. യാത്രകളില്ലെല്ലാം പുതിയ ചെടികൾ തേടും. വ്യത്യസ്‌തമായ ഒന്നുകണ്ടാൽ പിന്നെ അവയെക്കുറിച്ചാകും അന്വേഷണം. സ്വന്തമാക്കി പൂവിരിയിക്കും. ‘ഒരുചെടി നട്ടാൽ പുഷ്‌പിക്കുന്നത്‌ കാത്തിരിക്കും. പൂ വിടരുമ്പോഴുണ്ടാകുന്ന സന്തോഷമാണ്‌ ചെടികളെ പ്രിയപ്പെട്ടതാക്കുന്നത്‌ ’–-കുഞ്ഞുമോൾ ഇഷ്ടം പറഞ്ഞു. 
 
പത്തുമണിപ്പൂ മുതൽ 
ഫ്രോസർ ഐലൻഡുവരെ
അമ്പത്‌ ഇനത്തിലധികം ബോഗൻ വില്ല, 45 ഇനം ജെറേനിയ, നൂറിനം റോസ്‌,  ബ്ലീഡിങ് ഹാർട്ട്‌,  മണിമുല്ല, ക്യാറ്റ്‌സ്‌ ക്ലോ, എസ്‌റ്റർഡേ–-ടു ഡേ–-ടുമാറോ, ലാവൻഡർ, ബുഷ്‌ ക്രീപ്പർ, ഓർക്കിഡ്‌, പത്തുമണിപ്പൂ തുടങ്ങി വള്ളിയായി പടർന്ന്‌ കുലപോലെ വിരിഞ്ഞുതൂങ്ങുന്ന ഫ്രോസർ ഐലൻഡുവരെയുണ്ട്‌. വീടിന്റെ വരാന്തമുഴുവൻ ‘കടലാസ്‌ റോസയെന്ന’ ബോഗൻവില്ലയാണ്‌. കടുത്ത വേനൽക്കാലത്താണ്‌ ഇത്‌ അടിമുടി പൂത്തുലയുന്നത്‌. വേനലിനെ വർണമേനാഹരമായ പൂക്കൾകൊണ്ട്‌ പ്രതിരോധിക്കും. ചില്ലി റെഡ്‌, ചില്ലി യെല്ലൊ, ചില്ലി പിങ്ക്‌... അതിജീവനത്തിന്റെകൂടി പ്രതീകമായ  ബോഗൻ വില്ലയുടെ ഇനങ്ങളുടെ എണ്ണമേറും. ചെടികൾ നട്ടുപരിപാലിക്കുക മാത്രമല്ല, ഓരോന്നിനെക്കുറിച്ചും ആഴത്തിൽ പഠിക്കും. പേരും കളറും പൂക്കുന്ന കാലവും  ജന്മനാടുമെല്ലാം അറിയാം. 
 
പഴങ്ങളുടെ പറമ്പ്‌
മറ്റത്തിൽ വീടിനുചുറ്റും പൂക്കൾ മാത്രമല്ല, പഴങ്ങളും പച്ചക്കറിയുമുണ്ട്‌. മുസംബി, സപ്പോർട്ട, ബട്ടർ ഫ്രൂട്ട്‌, പാഷൻ ഫ്രൂട്ട്‌, റംബൂട്ടാൻ, നെല്ലി, ചാമ്പ, എഗ്‌ ഫ്രൂട്ട്‌, ഓറഞ്ച്‌, തൊണ്ടിപ്പഴം, തുടങ്ങി വിവിധ ഇനം മാമ്പഴങ്ങൾ. പഴങ്ങളുടെ പട്ടികയും നീളും. ഓരോന്നിലും  പല ഇനങ്ങളുണ്ട്‌. ഒന്നും വിൽപ്പനയ്‌ക്കുള്ളതല്ല. വീട്ടിലെത്തുന്നവർക്കും പാർടി പ്രവർത്തകർക്കും നാട്ടുകാർക്കുമുള്ളതാണ്‌.
പൂന്തോട്ട പരിപാലനത്തിൽ ഭർത്താവ്‌, സിപിഐ എം അമ്പലവയൽ ലോക്കൽ കമ്മിറ്റി അംഗമായ പൈലിക്കുഞ്ഞും സഹായത്തിനുണ്ട്‌. മകൻ കൽപ്പറ്റ സഹകരണ ബാങ്ക്‌ സെക്രട്ടറി എൻ പി സജോണും മകൾ സൈവജയും  പൂക്കളോടുള്ള അമ്മയുടെ ഇഷ്ടത്തോട്‌ ചേർന്നുനിൽക്കുന്നവരാണ്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top