മുത്തങ്ങ
പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും വോട്ടവകാശം നിർവഹിക്കുന്നതിൽ പൊൻകുഴി ഉന്നതിയിലെ മുത്തശ്ശിമാർക്ക് വിട്ടുവീഴ്‌ചയില്ല. വനഗ്രാമത്തിലൂടെ കാൽനടയായി മുത്തങ്ങയിലെത്തി മൂക്കിയും തങ്കിയും കുഞ്ചിയും ഇത്തവണയും തെരഞ്ഞെടുപ്പിൽ പങ്കാളികളായി. എഴുപതുപിന്നിട്ട ഉറ്റസുഹൃത്തുകൾ വർഷങ്ങളായി ഒരുമിച്ചാണ് വോട്ടുചെയ്യുന്നത്. വോട്ടർമാരായ പേരമക്കളെയും മക്കളെയുമെല്ലാം കൂട്ടിയെത്തി മുത്തങ്ങ മാതൃകാ ക്ഷേമപരീശീലന കേന്ദ്രത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ചു.
‘വോട്ടുചെയ്യല് ഞങ്ങളെ അവകാശാണ്. മൊടക്കാൻ പറ്റുലാലോ. ആരുജയിച്ച് വരണമെന്ന് പറയണ്ടത് നമ്മളല്ലെ. തീരുമാനം ഞങ്ങ അറിയിച്ചു’–- പോളിങ് ബൂത്തിലെ പ്രായത്തെ മറികടന്ന ചുറുചുറുക്കിനെപ്പറ്റി ചോദിച്ചപ്പോൾ മൂക്കിക്ക് പറയാനുണ്ണത് ഇതാണ്: ‘ഞങ്ങളുടെ ആവശ്യങ്ങൾ ഒരുപാടുണ്ട് അതിനെല്ലാം പരിഹാരം കാണണം. ആനയുടെയും പുലിയുടെയും കടുവയുടെയും ഇടയിൽ പേടിച്ചുവിറച്ചാണ് ജീവിക്കുന്നത്. രാത്രി മുറ്റത്തിറങ്ങാൻ ധൈര്യമില്ല. ഞങ്ങളുടെ വോട്ടിലൂടെ ഇതിനെല്ലാം മാറ്റമുണ്ടാകണം’–- തങ്കിക്ക് വന്യമൃഗശല്യമില്ലാതെ ജീവിക്കാനുള്ള പ്രതീക്ഷയാണ് തെരഞ്ഞെടുപ്പ്. ‘ആരെങ്കിലും ജയിക്കരുത്. ഞങ്ങളുടെ പ്രശ്‌നങ്ങൾ അറിയുന്നവർ ജയിക്കണം. ഞങ്ങളെ അറിയുന്നവർക്കെ ഞങ്ങളുടെ ആവശ്യങ്ങളും അറിയൂ’– അങ്ങനെയുള്ളവർ തെരഞ്ഞെടുക്കണമെന്നാണ് കുഞ്ചിയമ്മയ്‌ക്ക് പറയാനുള്ളത്.
മുത്തങ്ങ വനജീവി സങ്കേതത്തിനരികിലെ ഉന്നതിയിലുള്ളവരെല്ലാം ഒരുമിച്ച് മൂന്ന് കിലോമീറ്ററിലധികം നടന്ന് പോളിങ് ബൂത്തിലെത്തി വോട്ടുചെയ്‌ത് മടങ്ങുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..