നീർവാരം
വോട്ട് ചെയ്ത് മകളെ കാത്തിരിക്കയാണ് കൊച്ചുമകൾ അജിതക്കൊപ്പം ചീര. കേൾവിക്കുറവുണ്ടെങ്കിലും നാടിനെ നയിക്കുന്നവരെ തെരഞ്ഞെടുക്കുന്ന വോട്ടടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ ഈ ഗോത്രവർഗ വനിത തയ്യാറല്ല. മൈലുകുന്ന് ഉന്നതിയിൽനിന്ന് നേരത്തെയെത്തി നീർവാരം എച്ച്‌എസ്‌എസിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
നൂറ് വർഷം പിന്നിട്ട ചേകാടിയിലെ സർക്കാർ എൽപി സ്‌കൂളിൽ വോട്ടുചെയ്യാൻ തോണിക്കടവ് ഉന്നതിയിൽനിന്ന് എത്തിയതാണ് വെള്ള. ജനാധിപത്യത്തിന്റെ മഷിയടയാളം കൈയിൽ പതിഞ്ഞതിന്റെ സന്തോഷത്തിലാണ് മടങ്ങിയത്. സുരക്ഷാ പ്രാധാന്യമുള്ള പതിനൊന്ന് ബൂത്തുകളിലൊന്നായിരുന്നു ചേകാടിയിലേത്.
വോട്ടെടുപ്പിൽ തുടക്കം മുതലെ സ്ത്രീ വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു ഇവിടെ. ലോക്‌സഭാ മണ്ഡലത്തിൽ 94 ശതമാനം ആദിവാസി വോട്ടർമാരുള്ള ചേകാടിക്ക് ഈ തെരഞ്ഞെടുപ്പ് കാലവും ആഘോഷമായിരുന്നു. വോട്ടുമുടക്കാതെ ബൂത്തിലെത്താൻ കാടിറങ്ങിയും ഗ്രാമവാസികളുടെ നീണ്ട നിരയുണ്ടായിരുന്നു. വിദൂരത്തുള്ള കോളനികളിൽനിന്നെല്ലാം വോട്ടർമാർക്കായി വാഹനങ്ങളും പ്രാദേശികമായി ഏർപ്പെടുത്തിയിരുന്നു. 1210 വോട്ടർമാരാണ് വനഗ്രാമത്തിലുള്ളത്. ഇതിൽ 20 വോട്ടർമാർ ഹോം വോട്ടിങ് സംവിധാനം ഉപയോഗപ്പെടുത്തി. 565 പുരുഷ വോട്ടർമാരും 645 സ്ത്രീ വോട്ടർമാരുമാണ് ഇത്തവണ വോട്ടർ പട്ടികയിലുള്ളത്. താഴശേരി, ചന്ത്രോത്ത്, കുണ്ടുവാടി തുടങ്ങി കാടിന്റെ കരയിലുള്ള ഗോത്ര സങ്കേതങ്ങളിൽ നിന്നുള്ളവരെല്ലാം ഉച്ചക്ക് മുമ്പേ ബൂത്തിലെത്തി വോട്ട് ചെയ്തു. അടിയ, പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളും വയനാടൻ ചെട്ടി കുടുംബങ്ങളുമെല്ലാം ചേർന്നതാണ് ചേകാടിയിലെ വോട്ടർ പട്ടിക. വനത്താൽ ചുറ്റപ്പെട്ട ഈ ഗ്രാമം മറ്റൊരു കൊയ്ത്തുകാലത്തെയും വരവേൽക്കാൻ ഒരുങ്ങുകയാണ്. ഇതിനിടയിലെത്തിയ തെരഞ്ഞെടുപ്പിലും ചേകാടി ആവേശത്തോടെ അണിനിരന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..