കൽപ്പറ്റ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്‌ടിഎ) മുപ്പത്തിനാലാം വയനാട് ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേരും. സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച കെ ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ ശനി രാവിലെ 10ന് മന്ത്രി ഒ ആർ കേളു സമ്മേളനം ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പ്രസിഡന്റ് എ ഇ സതീഷ് ബാബു അധ്യക്ഷനാകും. ‘കേന്ദ്ര അവഗണനക്കെതിരെ പോരാടുക, നവ കേരളത്തിനായി അണിനിരക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമ്മേളനം. 201 പ്രതിനിധികൾ പങ്കെടുക്കും. ഗുരുകാരുണ്യ എൻഡോവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് വിതരണംചെയ്യും. റിപ്പോർട്ട് അവതരണവും ചർച്ചയും ശനിയാഴ്‌ച നടക്കും. വൈകിട്ട് നാലിന് എം എം ലോറൻസ് നഗറിൽ (പടിഞ്ഞാറത്തറ ടൗൺ) പൊതുസമ്മേളനം മുൻ എംഎൽഎ സി കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും. പ്രകടനത്തോടെയാണ് പൊതുസമ്മേളനം. പ്രതിനിധി സമ്മേളനം നടക്കുന്ന സ്‌കൂളിൽനിന്ന് പ്രകടനം ആരംഭിക്കും. ആയിരത്തോളം അധ്യാപകർ അണിനിരക്കും. അധ്യാപകർക്കായി ജില്ലാതലത്തിൽ നടത്തിയ കലാ–-കായിക മത്സരവിജയികളായവരെ പൊതുസമ്മേളനത്തിൽ അനുമോദിക്കും. കലാപരിപാടികളും അരങ്ങേറും.
ഞായർ രാവിലെ ട്രേഡ് യൂണിയൻ സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്ഘാടനംചെയ്യും. വിവിധ സംഘടനാ നേതാക്കൾ അഭിവാദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. സംസ്ഥാന നേതാക്കളായ എൽ മാഗി, പി ജെ ബിനേഷ്, സി എ നസീർ, വി എ ദേവകി, വിൽസൺ തോമസ് തുടങ്ങിയവർ രണ്ടുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് സബ്‌ജില്ലകളിലും പനമരം ഏരിയയിലും വിവിധ അനുബന്ധ പരിപാടികൾ നടത്തി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, ജില്ലാ സെക്രട്ടറി ടി രാജൻ, പി ഉമേഷ്, ബിനുമോൾ ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..