കൽപ്പറ്റ
അണ്ടർ 20 സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യമത്സരത്തിൽ ഇടുക്കിക്ക് ജയം. കൽപ്പറ്റയിലെ ജില്ലാ സ്‌റ്റേഡിയത്തിൽ നടന്ന ആവേശപ്പോരിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കണ്ണൂരിനെ കീഴടക്കിയത്. ആദ്യപകുതിയുടെ അവസാന മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്കിൽനിന്നായിരുന്നു ഇടുക്കിയുടെ ആദ്യ ഗോള്‍. കണ്ണൂർ ഗോൾമുഖത്തുനിന്ന് റീബൗണ്ട് ചെയ്‌ത് വന്ന പന്ത് ഇടുക്കിയുടെ മുന്നേറ്റതാരം മുഹമ്മദ് നായിഫ് കണ്ണൂരിന്റെ വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ കണ്ണൂർ ശക്തമായ സമ്മർദം ചെലുത്തിയെങ്കിലും കണ്ണൂരിനെ ഞെട്ടിച്ച് 57–-ാം മിനിറ്റില്‍ ഇടുക്കിയുടെ മധ്യനിര താരം ലിസ്ബന്‍ ലിന്‍ഡൊ ഒറ്റക്ക് മുന്നേറി കണ്ണൂരിന്റെ വല വീണ്ടും കുലുക്കി. രണ്ട് ഗോളിന് പിന്നിലായെങ്കിലും കണ്ണൂർ അക്രമണം തുടർന്നു. ഒടുവിൽ 82–-ാം മിനിറ്റില്‍ കണ്ണൂരിന്റെ മുന്നേറ്റതാരം കെ പി അങ്കിത് ഹരീന്ദ്രന്‍ കണ്ണൂരിനായി ലക്ഷ്യംകണ്ടു. അവസാന നിമിഷംവരെ സമനിലക്കായി പൊരുതിയെങ്കിലും ഇടുക്കിയുടെ പ്രതിരോധം തകർക്കാനായില്ല. കണ്ണൂരിന്റെ മധ്യനിര താരം സംഗീത് അനീഷാണ് കളിയിലെ താരം. ആതിഥേയരായ വയനാടുമായിട്ടാണ് ഇടുക്കിയുടെ അടുത്ത് റൗണ്ട് മത്സരം.
ആദ്യദിനത്തിലെ രണ്ടാം മത്സരത്തിൽ വയനാട് ആലപ്പുഴയെ കീഴടക്കിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് വയനാടിന്റെ ജയം. ശക്തമായ മത്സരത്തിൽ മുഴുവൻ സമയവും ഗോൾരഹിത സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ തടഞ്ഞിട്ട വയനാടിന്റെ ഗോൾ കീപ്പർ മുഹമ്മദ് ജിഹാദ് കളിയിലെ താരമായി.
ഇന്നത്തെ മത്സരം
4.30 എറണാകുളം –- കൊല്ലം
7.00 വയനാട്–- ഇടുക്കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..