പുൽപ്പള്ളി
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുൽപ്പള്ളിയിൽ കർഷക സെമിനാർ സംഘടിപ്പിച്ചു. സി ഭാസ്കരൻ, പി കെ മാധവൻ ഹാളിൽ നടന്ന കാർഷിക മേഖലയിലെ പ്രതിസന്ധികളും പരിഹാരവും എന്ന സെമിനാർ കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം പ്രകാശൻ ഉദ്ഘാടനംചെയ്തു. കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ കർഷകർ ഒരുമിച്ച് പോരാടണമെന്ന് എം പ്രകാശൻ പറഞ്ഞു. കാർഷിക മേഖലയ്ക്കും കർഷകർക്കും ലഭിച്ചുകൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും കേന്ദ്രസർക്കാർ ഇല്ലാതാക്കി.
എല്ലാ മേഖലകളിലേക്കും കുത്തക മുതലാളിമാർക്ക് പ്രവേശിക്കാൻ വഴി തുറന്നുകൊടുത്ത് കർഷകരെ ഇല്ലാതാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇറക്കുമതി നയം ദുർബലപ്പെടുത്തി സ്വകാര്യ കുത്തക മുതലാളിമാർക്ക് വലിയ തോതിൽ കച്ചവടം ചെയ്യുന്നതിന് സൗകര്യം ഒരുക്കിക്കൊടുത്തു. വിളകളുടെ വിത്ത് ഉൽപ്പാദിപ്പിക്കുവാനോ വിൽക്കുവാനോ അവസരമില്ല. കർഷകർക്ക് സബ്സിഡി നൽകുവാൻ പാടില്ല എന്ന നയത്തിന് ശക്തികൂട്ടി. കർഷകർക്കുള്ള സഹായങ്ങളും ആനുകൂല്യങ്ങളും പാടെ ഇല്ലാതാക്കി. ഈ നയങ്ങൾ മൂലം കാർഷിക മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. ലക്ഷക്കണക്കിന് കർഷകരാണ് ആത്മഹത്യചെയ്തത്. കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് ഒരുമിച്ചുനിന്നുള്ള കർഷകരുടെ പോരാട്ടം മാത്രമാണ് പരിഹാരമെന്നും എം പ്രകാശൻ പറഞ്ഞു.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം എസ് സുരേഷ് ബാബു അധ്യക്ഷനായി. പി കെ സുരേഷ്, റെജി ഓലിക്കരോട്ട്, ജസ്റ്റിൻ ബേബി, രുഗ്മിണി സുബ്രഹ്മണ്യൻ, സി ജി പ്രത്യുഷ്, ലതാ ശശി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി സ്വാഗതം പറഞ്ഞു. എ വി ജയൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..