22 November Friday

അതിജീവനം പൊന്നോണം...

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

 

കൽപ്പറ്റ
മഹാദുരന്തത്തെ വകഞ്ഞുമാറ്റി നാടിനിന്ന്‌ അതിജീവനത്തിന്റെ പൊന്നോണം. ഉരുൾപൊട്ടൽ ഓർമകളും വേദനകളും മായ്‌ച്ച്‌ നല്ല നാളെ സ്വപ്‌നംകണ്ടാണ്‌ ഓണാഘോഷം.  സമാനതകളില്ലാത്ത ദുരന്തം പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെയാകെ ഇല്ലാതാക്കിയിട്ടും  മനുഷ്യർ കൈകോർത്ത്‌ നന്മയുടെ പൂക്കളങ്ങൾ തീർത്തു. 
 ദുരന്തബാധിതരെ സർക്കാർ ചേർത്തുനിർത്തി. എല്ലാം നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവന്നു. വലിയ ആഘോഷങ്ങളില്ലാതെയാണ്‌ ജില്ലയും സംസ്ഥാനവും ഓണം ആഘോഷിക്കുന്നത്‌. പൊലിമ കുറവാണെങ്കിലും എല്ലാവരിലേക്കും സർക്കാരിന്റെ സഹായഹസ്‌തമെത്തി.  ദുരന്തബാധിതരെ മുഴുവൻ താൽക്കാലികമായി പുനരധിവസിപ്പിച്ചു. ഇതുവരെ 11 കോടി രൂപ സഹായം നൽകി. എല്ലാവർക്കും ഓണക്കിറ്റുകൾ നൽകി. സ്ഥിരം പുനരധിവാസത്തിന്‌ ഭൂമി കണ്ടെത്താനുള്ള നടപടി പുരോഗമിക്കുകയാണ്‌. 
ഉരുൾപൊട്ടൽ ഇരകളെ ഇപ്പോഴും നാട്‌ കൈപിടിച്ച്‌ നടത്തുന്നുണ്ട്‌.  ഉരുൾപൊട്ടി നാൽപ്പത്തിയെട്ടാം ദിനം ഓണമെത്തിയപ്പോഴേക്കും നാടിനെ കരകയറ്റി. രക്ഷാപ്രവർത്തനത്തിന്റെ അതേവേഗത്തിലായിരുന്നു അതിജീവന പ്രവർത്തനങ്ങളും. മന്ത്രിസഭാ ഉപസമിതി മുഴുവൻ സമയവും ജില്ലയിൽ കേന്ദ്രീകരിച്ച്‌ നടത്തിയ പ്രവർത്തനങ്ങളിലൂടെ ദുരന്തത്തെ അതിവേഗം മറികടന്നു.  ഇരകളുടെ എല്ലാ പ്രശ്‌നങ്ങളിലും സത്വര നടപടികളാണ്‌.  സർക്കാർ ധനസഹായം വിട്ടുപോയവർക്ക്‌ അനുവദിക്കൽ, താൽക്കാലിക പുനരധിവാസത്തിലെ പോരായ്‌മകളുടെ പരിഹാരം, നഷ്ടപ്പെട്ടുപോയ രേഖകളുടെയും സർട്ടിഫിക്കറ്റുകളുടെയും വീണ്ടെടുപ്പ്‌ എന്നിവയ്‌ക്കെല്ലാമായി കഴിഞ്ഞ ദിവസങ്ങളിലും അദാലത്ത്‌ നടത്തി. സമൂഹത്തിലെ മുഴുവൻ ആളുകൾക്കും ഓണം ആഘോഷിക്കാനുള്ള സാഹചര്യവും സർക്കാർ ഒരുക്കി. 
 സപ്ലൈകോയും  കൺസ്യൂമർ ഫെഡും കൃഷിവകുപ്പുമെല്ലാം ഓണച്ചന്തകൾ നടത്തി വിലക്കുറവിന്റെ ഓണം സമ്മാനിച്ചു. കുടുംബശ്രീ അമ്പതോളം ചന്തകൾ തുറന്നു. ഓണക്കിറ്റ്‌, ക്ഷേമ പെൻഷൻ,  ഉത്സവബത്ത, ബോണസ്‌ എന്നിവയെല്ലാം നൽകി സർക്കാർ എല്ലാവരെയും ഓണത്തിലേക്ക്‌ കൈപിടിച്ചു നടത്തി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top